രാജസ്ഥാന് റോയല്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് 10 വിക്കറ്റ് ജയം. രാജസ്ഥാന് മുന്നോട്ടുവച്ച 178 റണ്‍സ് വിജയലക്ഷ്യം 16.3 ഓവറില്‍ വിക്കറ്റൊന്നും നഷ്ടപ്പെടുത്താതെ ബാംഗ്ലൂര്‍ മറികടക്കുകയായിരുന്നു. ബാംഗ്ലൂരിനു വേണ്ടി ദേവ്ദത്ത് പടിക്കല്‍ (101) തകര്‍പ്പന്‍ സെഞ്ചുറി നേടി ടോപ്പ് സ്കോററായി. വിരാട് കോലി (72) റണ്‍സെടുത്ത് പുറത്താവാതെ നിന്നു.
51 പന്തില്‍ ദേവ്ദത്ത് ആദ്യ ഐപിഎല്‍ ഫിഫ്റ്റി തികച്ചു. വൈഡും ബൈ ഫോറും സഹായിച്ചതോടെ 16.3 ഓവറില്‍ ചടങ്ങ് തീര്‍ത്ത് ബാംഗ്ലൂരിന് തുടര്‍ച്ചയായ നാലാം ജയവും പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനവും.രാജസ്ഥാന് ബൗളര്‍മാര്‍ക്ക് തൊട്ടതെല്ലാം പിഴച്ച ദിവസമായിരുന്നു ഇന്ന്. ഒരാള്‍ക്കും ബാംഗ്ലൂരിനു വെല്ലുവിളി ഉയര്‍ത്താനായില്ല. ബൗളര്‍മാര്‍ മോശം പന്തുകളെറിയാന്‍ മത്സരിച്ചപ്പോള്‍ ദേവ്ദത്തും കോലിയും അനായാസം സ്കോര്‍ ചെയ്തു.
നേരത്തെ ബാഗ്ലൂരിനെതിരേ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങിനിറങ്ങിയ രാജസ്ഥാന് ആദ്യം ബാറ്റിങ് തകര്‍ച്ച നേരിട്ടെങ്കിലും ശിവം ദുബെ പോരാട്ട വീര്യത്തോടെ പൊരുതിയതോടെ രാജസ്ഥാന് ഭേദപ്പെട്ട സ്കോറിലെത്തിയിരുന്നു. 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സാണ് രാജസ്ഥാന് നേടിയത്. തന്റെ ഐപിഎല്‍ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനമാണ് ശിവം ദുബെ കാഴ്ചവച്ചത്. പക്ഷേ അര്‍ഹിച്ച അര്‍ധ സെഞ്ച്വറിക്ക് നാലു റണ്‍ അകലെ 46 റണ്‍സില്‍ ദുബെ വീണു. റിച്ചാര്‍ഡ്സണിന്റെ പന്തില്‍ മാക്സ് വെല്ലിന് ക്യാച്ച് നല്‍കിയാണ് ദുബെ മടങ്ങിയത്. എന്നിരുന്നാലും ചെറിയ സ്കോറില്‍ തീരേണ്ടിയിരുന്ന ടീമിനെ പൊരുതാവുന്ന സ്കോറില്‍ എത്തിച്ചതില്‍ നിര്‍ണായക പങ്കുവഹിച്ചത് അദ്ദേഹമാണ്. നായകന് സഞ്ജു രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചെങ്കിലും അധികം നേരം നീണ്ടില്ല. 18 ബോളില്‍ 21 റണ്‍സാണ് സഞ്ജുവിന്റെ സമ്പാദ്യം. വാഷിങ്ടണ്‍ സുന്ദറിന്റെ പന്തില്‍ മാക്സ് വെല്ലിന് ക്യാച്ച് നല്‍കിയാണ് സഞ്ജു മടങ്ങിയത്.
Discussion about this post