വാക്സിനെടുക്കാത്ത പൗരന്മാര്ക്കും താമസക്കാര്‍ക്കും യുഎഇയില്‍ നിയന്ത്രണമേര്പ്പെടുത്താനൊരുങ്ങുന്നതായി സൂചന. ദേശീയ ദുരന്ത നിവാരണ സമിതിയാണ് ഇക്കാര്യം അറിയിച്ചത്. വാക്സിനെടുക്കാത്ത 16 വയസിന് മുകളിലുള്ളവര്‍ക്ക് സഞ്ചാര നിയന്ത്രണം ഉള്‍പ്പെടെ ഏര്‍പെടുത്താനാണ് യു.എ.ഇ ഒരുങ്ങുന്നത്. ഇവര്‍ക്കുള്ള സേവനങ്ങള്‍ നിര്‍ത്തിവെക്കുന്നതും ആലോചനയിലുണ്ട്. വാക്സിനെടുക്കാത്തവര്‍ക്ക് ചില മേഖലകളിലേക്ക് പ്രവേശനം വിലക്കുന്നതും പരിഗണിക്കുന്നുണ്ട്.
വാക്സിനെടുക്കാത്തവര്‍ മറ്റുള്ളവരുടെ ജീവന് ഭീഷണിയുണ്ടാക്കുന്നുവെന്നും എത്രയും വേഗം തൊട്ടടുത്ത വാക്സിന് കേന്ദ്രത്തിലെത്തി കുത്തിവെപ്പെടുക്കണമെന്നും ദുരന്ത നിവാരണ സമിതി അറിയിച്ചു. കോവിഡിന്റെ വകഭേദത്തില്‍ നിന്ന് സമൂഹത്തെ രക്ഷിക്കാന്‍ വാക്സിനേഷന് നിര്‍ബന്ധമാണ്. വാക്സിന് നിഷേധിക്കുന്നതും വൈകിക്കുന്നതും സമൂഹത്തിന് ഭീഷണിയാണ്. ആരോഗ്യ പ്രശ്നങ്ങളുള്ളവര്‍ ഡോക്ടറെ സമീപിച്ച് വാക്സിന് എടുക്കാന്‍ കഴിയുമോ എന്ന് അന്വേഷിക്കണം. വാക്സിന് സ്വീകരിക്കുന്നത് രോഗപ്രതിരോധത്തിനും ഈ പകര്‍ച്ചവ്യാധിയില്‍ നിന്ന് സമൂഹത്തെ സംരക്ഷിക്കുന്നതിനും സഹായിക്കും. സാധാരണ നിലയിലേക്ക് തിരിച്ചെത്താന്‍ ഏറ്റവും മികച്ച മാര്‍ഗം വാക്സിനാണെന്നും ദുരന്ത നിവാരണ സമിതി അറിയിച്ചു.
Discussion about this post