യുറോപ്യന്‍ സൂപ്പര്ലീഗിനെതിരെ കടുത്ത വിമര്‍ശനങ്ങളും പ്രതിഷേധങ്ങളും ഉയരുന്ന സാഹചര്യത്തില്‍ ലീഗില്‍ നിന്ന് പിന്മാറാന് ക്ലബ്ബുകളുടെതീരുമാനം. യൂറോപ്പിലെ ശക്തരും ധനികരുമായ ആറു ക്ലബ്ബുകളാണ് യുവേഫയുടെയും ഫിഫയുടെയും എതിര്‍പ്പിനെ മറികടന്ന് പുതിയ ലീഗ് ആരംഭിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ലീഗ് പ്രഖ്യാപനത്തിന് പിന്നാലെ കടുത്ത എതിര്‍പ്പുകളാണ് പല കോണില്‍ നിന്നും ഉയര്‍ന്നത്.
ഇംഗ്ലീഷ് ക്ലബ്ബായ മാഞ്ചസ്റ്റര്‍ സിറ്റിയാണ് തങ്ങള്‍ സൂപ്പര്‍ ലീഗില്‍ നിന്ന് പിന്മാറുന്നതായി ആദ്യമറിയിച്ചത്. പിന്നാലെ തന്നെ ഇംഗ്ലീഷ് ക്ലബ്ബുകളായ ചെല്‍സി, ആഴ്സണല്‍, ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ടോട്ടനം ഹോട്സ്പര്‍ എന്നിവരും തങ്ങളുടെ തീരുമാനമറിയിച്ചു. ലീഗിനെ എങ്ങനെ മാറ്റുമെന്ന കാര്യത്തെക്കുറിച്ച് ആലോചിച്ച് തീരുമാനമെടുക്കും എന്നാണ് സൂപ്പര്‍ ലീഗിന്റെ പ്രതികരണം.
സ്പാനിഷ് ക്ലബ്ബുകളായ റയല്‍ മാഡ്രിഡ്, ബാഴ്സലോണ, അറ്റ്ലറ്റികോ മാഡ്രിഡ്. ഇറ്റാലിയന്‍ ക്ലബ്ബുകളായ യുവന്റസ്, ഇന്റര്‍ മിലാന്, എസി മിലാന് എന്നിവരാണ് ലീഗിലെ മറ്റു ക്ലബ്ബുകള്‍. ഇവരാരും തന്നെ ലീഗ് ഉപേക്ഷിക്കുന്ന കാര്യം ഇതുവരെ വ്യക്തമാക്കിയിട്ടില്ല. നിലവില്ലത്തെ സാഹചര്യത്തില്‍ ലീഗ് മുന്നോട്ടുപോകുവാന്‍ സാധ്യതയില്ലാത്തതിനാല്‍ ലീഗിന്റെ ഭാവി തുലാസിലാണ്.
നേരത്തെ സൂപ്പര്‍ ലീഗ് പ്രഖ്യാപനത്തിന് നേരെ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നത്. തൊഴിലാളിവര്‍ഗ്ഗത്തിന്റെ കളിയായ ഫുട്ബോള്‍ പണത്തിന് വഴിമാറുന്നു എന്നായിരുന്നു പല ആരാധക സംഘങ്ങളും ഉയര്‍ത്തിയ വിമര്‍ശനം. ഇതിഹാസ താരങ്ങളും ക്ലബ്ബ് പരിശീലകരും താരങ്ങളും തന്നെ സ്വന്തം ക്ലബ്ബുകളുടെ തീരുമാനത്തിന് എതിരെ വരുന്ന സാഹചര്യവുമുണ്ടായി.
യൂറോപ്യന്‍ സൂപ്പര്‍ ലീഗിനെതിരെ തുറന്നടിച്ച് മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകന് പെപ് ഗ്വാര്‍ഡിയോള രംഗത്തെത്തി. അധ്വാനവും ജയവും തമ്മില്‍ ബന്ധമില്ലാത്ത മത്സരക്രമമാണ് സൂപ്പര്‍ ലീഗിന്റേതെന്ന് പെപ് പറഞ്ഞു. തോറ്റാലും വമ്പന്‍ ക്ലബ്ബുകള്‍ തരംതാഴ്ത്തപ്പെടാത്ത മത്സരക്രമം നല്ലതല്ല. ചില ടീമുകള്‍ മികച്ച പ്രകടനം നടത്തിയാലും സ്ഥാനക്കയറ്റം ലഭിക്കുന്നില്ലെങ്കില്‍ എന്തിനാണ് മത്സരിക്കുന്നതെന്നും ഗ്വാര്‍ഡിയോള ചോദിച്ചു. ഞായറാഴ്ച സൂപ്പര്‍ ലീഗ് ക്ലബ്ബുകള്‍ വാര്‍ത്താക്കുറിപ്പ് ഇറക്കുന്നതിന് തൊട്ടുമുന്‍പാണ് താന്‍ ഇക്കാര്യം അറിഞ്ഞതെന്നും ഗ്വാര്‍ഡിയോള വെളിപ്പെടുത്തി. പെപ് ഗ്വാര്‍ഡിയോള പരിശീലിപ്പിക്കുന്ന മാഞ്ചസ്റ്റര്‍ സിറ്റിയും സൂപ്പര്‍ ലീഗിന്റെ ഭാഗമാണ്.
അതേസമയം സൂപ്പര്‍ ലീഗിനോടുള്ള വിയോജിപ്പ് പരസ്യമാക്കി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം മാര്‍ക്കസ് റാഷ്ഫോര്‍ഡും രംഗത്തെത്തി. ആരാധകരില്ലെങ്കില്‍ ഫുട്ബോള്‍ ഒന്നും അല്ലെന്ന് റാഷ്ഫോര്‍ഡ് ട്വീറ്റ് ചെയ്തു
Discussion about this post