അന്യന് ബോളിവുഡ് റീമേക്കുമായി ബന്ധപ്പെട്ട വിഷയത്തില്‍ നിര്‍മ്മാതാവ് വി രവിചന്ദ്രന്‍ മറുപടി കത്തുമായി സംവിധായകന് ശങ്കര്‍. അന്യന്റെ സ്ക്രിപ്റ്റും സ്റ്റോറിലൈനും തനിക്ക് മാത്രം അവകാശപ്പെട്ടതാണെന്നും ആരെയും സ്ക്രിപ്റ്റ് എഴുതാന്‍ ചുമതലപ്പെടുത്തിയിട്ടില്ലെന്നും ശങ്കര്‍ പറഞ്ഞു. ചിത്രത്തിന്റെ പകര്‍പ്പവകാശം പൂര്‍ണമായും നിര്‍മാതാവിന് സ്വന്തമാണെന്നും അത് ലംഘിക്കാന്‍ സംവിധായകന് അധികാരമില്ലെന്നും ചൂണ്ടിക്കാട്ടി വി രവിചന്ദ്രന്‍ ശങ്കറിന് നോട്ടീസ് അയച്ചതിന് പിന്നാലെയാണ് ശങ്കറിന്റെ പ്രതികരണം.
അന്യന്റെ തിരക്കഥയും കഥയും എനിക്കുള്ളതാണെന്ന് സിനിമയുമായി ബന്ധപ്പെട്ട എല്ലാവര്ക്കും അറിയാമെന്നും ശങ്കര്‍ എഴുതിയ കഥ, തിരക്കഥ, സംവിധാനം എന്ന ടാഗ് ഉപയോഗിച്ചാണ് സിനിമ പുറത്തിറങ്ങിയതെന്നും ശങ്കര്‍ മറുപടി കത്തില്‍ പറയുന്നു. ‘സ്ക്രിപ്റ്റ് എഴുതാന്‍ ആരെയും ചുമതലപെടുത്തിയിട്ടില്ല, കൂടാതെ എനിക്ക് അനുയോജ്യമെന്ന് തോന്നുന്ന രീതിയില്‍ സ്ക്രിപ്റ്റ് ഉപയോഗപ്പെടുത്താനുള്ള അവകാശം എനിക്കുണ്ട്. സാഹിത്യകൃതിയുടെ അഡ്മിറ്റ് രചയിതാവ് എന്ന നിലയില്‍, എന്റെ അവകാശങ്ങളില്‍ ഒരു സാഹചര്യത്തിലും ഇടപെടാന്‍ കഴിയില്ല. അന്തരിച്ച ശ്രീ സുജാതയെക്കുറിച്ചുള്ള പരാമര്‍ശം കണ്ട് ഞാന്‍ അതിശയിക്കുന്നു, കാരണം സിനിമയ്ക്ക് ഡയലോഗ് എഴുതാന്‍ മാത്രമാണ് അദ്ദേഹത്തെ ഞാന്‍ നിയോഗിച്ചത്, അതിനനുസരിച്ച് അതിന്റെ ബഹുമതിയും കൊടുത്തിരുന്നു. തിരക്കഥയിലോ തിരക്കഥ രൂപീകരണത്തിലോ അദ്ദേഹം ഒരു തരത്തിലും ഇടപെട്ടിരുന്നില്ല, സംഭാഷണ രചയിതാവെന്ന നിലയില്‍ അല്ലാതെ അദ്ദേഹത്തിന് മറ്റൊന്നും തന്നെ ചെയ്യുവാന്‍ ഇല്ലായിരുന്നു. സ്ക്രിപ്റ്റ് എന്റെ പക്കലുണ്ടെന്നതിനാല്‍, ഞാന്‍ ഉചിതമെന്ന് കരുതുന്ന ഏത് രീതിയിലും അത് ഉപയോഗപ്പെടുത്താന്‍ എനിക്ക് അര്‍ഹതയുണ്ട്. രേഖാമൂലം പറഞ്ഞ അവകാശങ്ങള്‍ നിങ്ങള്‍ക്ക് നല്കിയിട്ടില്ലാത്തതിനാല്, അന്യന് റീമേക്ക് ചെയ്യാന്‍ നിങ്ങളുടെ എന്റിറ്റിയുടെ ആവശ്യമില്ല. സ്റ്റോറിലൈന്‍ നിങ്ങളുടെ പക്കലുണ്ടെന്ന് വാദിക്കാന്‍ പോലും യാതൊരു അടിസ്ഥാനവുമില്ല. അന്യന് എന്ന സിനിമയുടെ വിജയത്തില്‍ നിന്ന് നിര്‍മ്മാതാവ് എന്ന നിലയില്‍ നിങ്ങള്‍ മികച്ച നേട്ടം തന്നെ കൈവരിച്ചു. നിങ്ങളുമായി യാതൊരു ബന്ധവും ഇല്ലാത്ത എന്റെ ഭാവി വര്‍ക്കുകളില്‍ നിങ്ങള്‍ ഇടപെടരുത്. അടിസ്ഥാനരഹിതമായ അത്തരം അവകാശവാദങ്ങള്‍ ഉന്നയിക്കുന്നത് നിങ്ങള്‍ അവസാനിപ്പിക്കുക. മുന്‍വിധികളില്ലാതെയാണ് ഈ മറുപടി നല്‍കുന്നത് ‘ എന്റെ ഭാവി പ്രോജക്റ്റുകള്‍ അപകടത്തിലാകാതിരിക്കാന്‍ വേണ്ടിയാണ് ഇപ്പോള്‍ ഈ മറുപടി നല്‍കുന്നതെന്നും ശങ്കര്‍ കത്തില്‍ പറയുന്നു.
2005ലാണ് സൈക്കോളജിക്കല്‍ ആക്ഷന്‍ ത്രില്ലറായി അന്യന് പുറത്തിറങ്ങുന്നത്. ദ്വന്ദ്വവ്യക്തിത്വമുള്ള നായക കഥാപാത്രമായി വിക്രം തകര്‍ത്താടിയ ചിത്രമായിരുന്നു അന്യന്. അമ്പി, റെമോ, അന്യന് എന്നിങ്ങനെ മൂന്ന് വേഷ-ഭാവ പകര്‍ച്ച കൊണ്ട് വിക്രം ഞെട്ടിച്ച ചിത്രം കൂടിയായിരുന്നു ഇത്. സദയാണ് ചിത്രത്തില്‍ നായികയായെത്തിയത്. നെടുമുടി വേണു, പ്രകാശ് രാജ്, വിവേക്, നാസര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഹാരിസ് ജയരാജ് ഈണം നല്കിയ ചിത്രത്തിലെ ഗാനങ്ങള്‍ ഇന്നും ഹിറ്റ് ചാര്‍ട്ടില്‍ മുന്നിലാണ്.
രവിചന്ദ്രന്റെ ഉടമസ്ഥതയിലുള്ള ആസ്കാര് പ്രൈവറ്റ് ലിമിറ്റഡാണ് അന്യന് നിര്‍മിച്ചത്. ചിത്രത്തിന്റെ കഥ എഴുത്തുകാരന് സുജാതയില്‍നിന്ന് പണം കൊടുത്തു വാങ്ങിയതാണെന്നും അതിനാല്‍ പൂര്‍ണ ഉടമസ്ഥാവകാശം തനിക്കാണെന്നുമായിരുന്നു രവിചന്ദ്രന്റെ അവകാശവാദം.
Discussion about this post