ഏകദിന ബാറ്റ്സ്മാന്മാരുടെ റാങ്കിംഗില്‍ മൂന്ന് വര്‍ഷത്തിലേറെയായി ഒന്നാമതുള്ള ഇന്ത്യന്‍ നായകന് വിരാട് കോലിയെ മറികടന്ന് പാകിസ്ഥാന് ക്യാപ്റ്റന്‍ ബാബര്‍ അസം. റാങ്കിംഗില്‍ ഒന്നാംസ്ഥാനത്ത് എത്തുന്ന നാലാമത്തെ മാത്രം പാക് താരമാണ് ബാബര്‍. രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട വിരാട് കോലിയേക്കാള്‍ എട്ട് പോയിന്റ് അധികം ബാബറിനുണ്ട്.
ഐസിസി ഇന്ന് പ്രഖ്യാപിച്ച പുതിയ റാങ്കിംഗ് പ്രകാരം ബാബര്‍ അസമിന് 865 പോയിന്റാണുള്ളത്. താരത്തിന്റെ കരിയറിലെ ഉയര്‍ന്ന റേറ്റിംഗ് പോയിന്റാണിത്. വിരാട് കോലി 857 പോയിന്റുമായാണ് രണ്ടാമത് നില്‍ക്കുന്നത്. ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മ 825 പോയിന്റുമായി മൂന്നാം സ്ഥാനത്ത് തുടരുന്നു. ന്യൂസിലന്‍ഡിന്റെ റോസ് ടെയ്ലറും(801), ഓസ്ട്രേലിയയുടെ ആരോണ്‍ ഫിഞ്ചുമാണ്(791) നാല്, അഞ്ച് സ്ഥാനങ്ങളില്‍. ആദ്യ പത്തില്‍ മറ്റ് ഇന്ത്യന്‍ താരങ്ങളാരുമില്ല.
സെഞ്ചൂറിയനില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ 82 പന്തില്‍ 94 റണ്‍സെടുത്ത പ്രകടനത്തോടെ 13 റേറ്റിംഗ് പോയിന്റ് ഉയര്‍ന്നാണ് കോലിയെ ബാബര്‍ പിന്നിലാക്കിയത്. സഹീര്‍ അബ്ബാസ്(1983-84), ജാവേദ് മിയാന്‍ദാദ്(1988-89), മുഹമ്മദ് യൂസഫ്(2003) എന്നിവരാണ് മുമ്പ് ഏകദിന ബാറ്റ്സ്മാന്മാരുടെ റാങ്കിംഗില്‍ ഒന്നാമത്തെത്തിയ പാക് താരങ്ങള്‍.
മൂന്നര വര്‍ഷത്തോളം ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി കയ്യടക്കി വെച്ചിരുന്ന ഏകദിന റാങ്കിങ്ങിലെ ഒന്നാം സ്ഥാനമാണ് ബാബര്‍ അസം ഇത്തവണ കൈക്കലാക്കിയത്. 2017 ഓഗസ്റ്റില്‍ ഒന്നാം റാങ്കില്‍ എത്തിയ കോലി 1,258 ദിവസങ്ങളോളം റാങ്കിങ്ങില്‍ കാര്യമായ മറ്റ് വെല്ലുവിളികള്‍ ഇല്ലാതെ തുടര്‍ന്നിരുന്നു. എന്നാല്‍ ഇക്കാലത്തെല്ലാം മികച്ച പ്രകടനത്തിലൂടെ ബാബര്‍ അസമിന് കോലിയുമായുളള പോയിന്റ് വ്യത്യാസം കുറക്കാന്‍ കഴിഞ്ഞിരുന്നു. 2019 നവംബറിന് ശേഷം കോലി ഒരു സെഞ്ചുറി പോലും നേടിയിട്ടില്ല. ഈ വര്‍ഷം നടന്ന ഇംഗ്ലണ്ടിനെതിരെയുളള ഏകദിന പരമ്പരയില്‍ രണ്ട് അര്‍ധസെഞ്ചുറി നേടിയെങ്കിലും കോലിക്ക് സെഞ്ചുറി കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. അതേസമയം ബാബര്‍ അസമാകട്ടെ സെഞ്ചുറിയും അര്‍ദ്ധ സെഞ്ചുറിയും നേടുന്നുമുണ്ടായിരുന്നു.
18 വര്‍ഷത്തിന് ശേഷമാണ് പാകിസ്ഥാനില്‍ നിന്നും ഒരു താരത്തിന് ഏകദിന ബാറ്റ്സ്മാന്മാരുടെ റാങ്കിങ്ങില്‍ ഒന്നാമത് എത്താന്‍ കഴിഞ്ഞത്. 1983-84 കാലഘട്ടത്തില്‍ സഹീര്‍ അബ്ബാസ്, 1988-89 കാലത്ത് ജാവേദ് മിയാന്‍ദാദ്, 2003ല്‍ മുഹമ്മദ് യൂസഫ് എന്നിങ്ങനെ മൂന്ന് താരങ്ങള്‍ മാത്രമാണ് ഇതിന് മുമ്പ് ഈ നേട്ടം കൈവരിച്ച പാക് താരങ്ങള്‍.
.
Discussion about this post