മിഷന് സി എന്ന സിനിമയില്‍ കൈലാഷിന്റെ കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക്
പുറത്ത് വന്നതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ വ്യാപക ട്രോളാണ് അദ്ദേഹത്തിനെതിരെ ഉയരുന്നത്. നടന്റെ ചിത്രത്തിലെ വേഷമാണ് ട്രോളന്മാരുടെ ആക്രമണത്തിന് കാരണം. ട്രോളുകള്‍ അതിരുവിട്ടതോടെ സിനിമാ ലോകത്ത് നിന്നും കൈലാഷിന് പിന്തുണയുമായി താരങ്ങള്‍ രംഗത്തെത്തി.
നടനെതിരെ നടക്കുന്നത് വളരെ മോശമായ രീതിയിലുള്ള വ്യക്തിഹത്യയാണെന്ന് ചിത്രത്തിന്റെ സംവിധായകന് വിനോദ് ഗുരുവായൂര്‍ പറഞ്ഞു. എന്തുകൊണ്ടാണ് അദ്ദേഹത്തിനെതിരെ ഇത്തരത്തില്‍ ക്രൂരമായ രീതിയില്‍ ഉള്ള ട്രോളുകള്‍ ഉണ്ടാക്കുന്നതെന്ന് മനസിലാവുന്നില്ല. ഒരു സാധാരണ കുടുംബ പശ്ചാത്തലത്തില്‍ നിന്നും വളരെ കഷ്ടപ്പെട്ട് സിനിമയില്‍ ചാന്‍സ് തേടിയെത്തി താരമായ ആളാണ് കൈലാഷ്. അദ്ദേഹം ജീവിക്കാന്‍ വേണ്ടിയാണ് കഷ്ടപ്പെടുന്നത്, വേദനിപ്പിക്കരുതെന്നും വിനോദ് ഗുരുവായൂര്‍ പറയുന്നു. എല്ലാവര്ക്കും വളരെ വലിയ സംവിധായകരുടെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞെന്ന് വരില്ല. കഥാപാത്രങ്ങള്‍ക്ക് അനുസരിച്ച്, സംവിധായകര്‍ നിര്‍ദ്ദേശിക്കുന്നത് അനുസരിച്ച് മാത്രമാണ് താരങ്ങള്‍ക്ക് അഭിനയിക്കാന്‍ കഴിയുക. അദ്ദേഹം കഴിവുള്ള ആളയതിനാലായിരിക്കില്ലേ ഇപ്പോഴും അദ്ദേഹത്തിന് അഭിനയിക്കാന്‍ അവസരം നല്‍കുന്നതെന്നും വിനോദ് ചോദിച്ചു.
കൈലാഷിന് പിന്തുണയുമായി നടന് അപ്പാനി ശരതും രംഗത്തെത്തി. ഒരാളുടെ ജീവിതത്തെ വച്ചല്ല പരിഹസിക്കേണ്ടതെന്നും അങ്ങനെ ചെയ്യുന്നത് മനുഷ്യത്വരഹിതവുമാണെന്ന് അപ്പാനി ശരത് പറഞ്ഞു. അദ്ദേഹം ഒരു ആര്‍ട്ടിസ്റ്റാണ്. ഞങ്ങള്‍ എല്ലാവരെപ്പോലെയും നിലനില്‍പ്പിനായി സിനിമകള്‍ ചെയ്യുന്നു. അല്ലാതെ എന്തു തെറ്റാണ് അദ്ദേഹം ചെയ്തത്. അദ്ദേഹത്തിന്റെ സിനിമകള്‍ കാണണമെന്ന് അദ്ദേഹം ആരോടും പറഞ്ഞിട്ടില്ല. വേണമെങ്കില്‍ കാണാം, കാണാതിരിക്കാം. എന്തടിസ്ഥാനത്തിലാണ് ഈ പരിഹാസം. സിനിമ മോശമാണെങ്കില്‍ വിമര്‍ശിക്കാം, എന്നാല്‍ ഒരു വ്യക്തിയെ വ്യക്തിപരമായി അധിക്ഷേപിക്കാന്‍ ആര്‍ക്കും അധികാരമില്ലെന്നും അദ്ദേഹം പറഞ്ഞു. അപ്പാനി ശരത് ആണ് ചിത്രത്തില്‍ നായകനായി എത്തുന്നത്.
Discussion about this post