ഫഹദ് ഫാസില്‍ അഭിനയിക്കുന്ന ചിത്രങ്ങള്‍ തിയേറ്ററുകളില്‍ തങ്ങള്‍ ഉപരോധിച്ചുവെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമെന്ന് ഫിയോക്. സംഘടന പുറത്തിറക്കിയ വാര്‍ത്താ കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഫഹദുമായിട്ടോ അദ്ദേഹത്തിന്റെ ചിത്രങ്ങളുമായിട്ടോ സംഘടനയ്ക്ക് ഇതുവരെ യാതൊരുവിധ തര്‍ക്കങ്ങളും ഇല്ലെന്നും കുറിപ്പില്‍ പറയുന്നു.
ഫിയോകിന്റെ വാര്‍ത്താകുറിപ്പ്
ഫഹദ് ഫാസില്‍ അഭിനയിക്കുന്ന ചിത്രങ്ങള്‍ ഫിയോക്ക് എന്ന സംഘടന തിയേറ്ററുകളില്‍ ഉപരോധിച്ചുവെന്ന വാര്‍ത്ത ചാനലുകളില്‍ കാണുകയുണ്ടായി. ഈ വാര്‍ത്ത തികച്ചും അടിസ്ഥാനരഹിതമാണ്. ഫഹദ് ഫാസില്‍ ആയിട്ടോ അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ ആയിട്ടോ സംഘടനയ്ക്ക് ഇതുവരെ യാതൊരുവിധ തര്‍ക്കങ്ങളും ഇല്ല. എല്ലാവരുമായി വളരെ നല്ല സൗഹൃദത്തിലാണ് സംഘടന മുന്നോട്ട് പോകുന്നത്.
ഒ.ടി.ടി. ചിത്രങ്ങളില്‍ ഇനി അഭിനയിച്ചാല്‍ ഫഹദ് ഫാസിലിനെ ഫിയോക് വിലക്കിയേക്കുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സംഘടന രംഗത്തെത്തിയത്. ഫഹദ് നായകനായ ചിത്രങ്ങള്‍ തുടര്‍ച്ചയായി ഒ.ടി.ടിയിലൂടെ റിലീസ് ചെയ്യുന്ന സാഹചര്യത്തിലാണ് ഫിയോക്കിന്റെ മുന്നറിയിപ്പെന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍. ലോക്ഡൗണ്‍ കാലത്തും പിന്നീടും മൂന്ന് ചിത്രങ്ങളാണ് ഫഹദിന്റേതായി ഒ.ടി.ടി. റിലീസിനെത്തിയത്. സീ യൂ സൂണ്‍, ഇരുള്, ജോജി എന്നിവയായിരുന്നു ചിത്രങ്ങള്‍.
Discussion about this post