ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന് തകര്‍പ്പന്‍ വിജയം. ശക്തരായ ടോട്ടനം ഹോട്സ്പറിനെയാണ് യുണൈറ്റഡ് കീഴടക്കിയത്. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു
യുണൈറ്റഡിന്റെ ജയം. നാല്പതാം മിനുറ്റില്‍ സോന്‍ ഹ്യൂംഗ് മിന്നിന്റെ ഗോളിന് മുന്നിലെത്തിയ ശേഷമായിരുന്നു ടോട്ടനത്തിന്റെ തോല്‍വി. അന്‍പത്തിയേഴാം മിനിറ്റില്‍ ഫ്രെഡിലൂടെ യുണൈറ്റഡ് ഒപ്പമെത്തി. എഡിന്‍സന്‍ കവാനിയാണ് ലീഡ് നല്‍കിയത്. എഴുപത്തിയൊന്‍പതാം മിനിറ്റിലായിരുന്നു കവാനിയുടെ ഗോള്‍. ഇഞ്ചുറി ടൈമില്‍ മേസണ്‍ ഗ്രീന്‍വുഡ് യുണൈറ്റഡിന്റെ ജയം പൂര്‍ത്തിയാക്കി.
63 പോയിന്റുമായി ലീഗില്‍ രണ്ടാം സ്ഥാനത്താണ് യുണൈറ്റഡ്. 49 പോയിന്റുള്ള ടോട്ടനം ഏഴാം സ്ഥാനത്തും. ഒന്നാം സ്ഥാനക്കാരായ മാഞ്ചസ്റ്റര്‍ സിറ്റിയേക്കാള്‍ 11 പോയിന്റ് പിന്നിലാണിപ്പോഴും യുണൈറ്റഡ്.
ആഴ്സണലും തകര്‍പ്പന്‍ ജയം സ്വന്തമാക്കി. ഷെഫീല്‍ യുണൈറ്റഡിനെ എതിരില്ലാത്ത മൂന്ന് ഗോളിന് മറികടന്നു. അലക്സാണ്ടര്‍ ലെകാസെറ്റെ ഇരട്ട ഗോള്‍ നേടി. 33, 85 മിനുറ്റുകളിലായിരുന്നു ഗോളുകള്‍. ഗബ്രിയേല്‍ ആണ് മറ്റൊരു സ്കോറര്‍. 31 മത്സരങ്ങളില്‍ നിന്ന് 45 പോയിന്റുള്ള ആഴ്സണല്‍ നിലവില്‍ ഒമ്പതാം സ്ഥാനത്താണ്.
അതേസമയം ഇറ്റാലിയന്‍ ലീഗ് ഫുട്ബോളില്‍ യുവന്റസ് തുടര്‍ച്ചയായ രണ്ടാം ജയം സ്വന്തമാക്കി. യുവന്റസ് ഒന്നിനെതിരെ മൂന്ന് ഗോളിന് ജെനോവയെ തോല്പിച്ചു. നാലാം മിനിറ്റില്‍ കുളുസെവ്സ്കിയാണ് യുവന്റസിന്റെ ആദ്യ ഗോള്‍ നേടിയത്. ഇരുപത്തിരണ്ടാം മിനിറ്റില്‍ അല്‍വാരോ മൊറാട്ട ലീഡുയര്‍ത്തി. എഴുപതാം മിനിറ്റില്‍ വെസ്റ്റന്‍ മക്കെന്നി യുവന്റസിന്റ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി. ജിയാന്‍ ലൂക്ക സ്കമാക്കയാണ് ജെനോവയുടെ സ്കോറര്‍. 30 കളിയില്‍ 62 പോയിന്റുള്ള യുവന്റസ് ഇപ്പോഴും ലീഗില്‍ മൂന്നാം സ്ഥാനത്താണ്. 74 പോയിന്റുള്ള ഇന്റര്‍ മിലാന് ഒന്നും 63 പോയിന്റുള്ള എ സി മിലാന് രണ്ടും സ്ഥാനത്താണ്.
Discussion about this post