നടി സുരഭി ലക്ഷ്മിയുടെ പുതിയ വര്‍ക്കൗട്ട് ഫോട്ടോഷൂട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. ഇത് പഴയ സുരഭി തന്നെയോ എന്നാണ് ചിത്രങ്ങള്‍ കണ്ട ആരാധകര്‍ ചോദിക്കുന്നത്. ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്ന ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. സുഹൃത്ത് കൂടിയായ രൂപേഷ് രഘുനാഥ് ആണ് താരത്തിന്റെ ട്രെയിനര്‍. ദുല്‍ഖറിന്റെ പെഴ്സണല്‍ ട്രെയിനര്‍ അരുണ്‍ നല്കിയ ഉപദേശമാണ് ശരീരം ആരോഗ്യത്തോടെ സൂക്ഷിക്കണമെന്ന തീരുമാനത്തിലേക്കെത്തിയതെന്ന് താരം പറഞ്ഞിരുന്നു. എന്നാല്‍ ലോക്ക്ഡൗണ്‍ വന്നതോടെ ജിമ്മും വര്‍ക്ക്ഔട്ടുമെല്ലാം മുടങ്ങുകയായിരുന്നെന്ന് സുരഭി പറയുന്നു. എന്നാല്‍ വീട്ടില്‍ ട്രെയിനിംഗ് തുടങ്ങി പിന്നീട് കോഴിക്കോടുള്ള ജിമ്മിലേക്ക് മാറുകയായിരുന്നെന്നും താരം പറഞ്ഞു.
സിനിമയുടെ തിരക്കുകള്‍ വന്നതോടെ ട്രെയിനിംഗ് കിട്ടുന്ന സമയം പോലെ ചെയ്യുകയായിരുന്നുവെന്ന് സുരഭി പറഞ്ഞു . ഇപ്പോള്‍ ജിമ്മും വര്‍ക്കൗട്ടും ജീവിതത്തിന്റെ ഭാഗമായി മാറിയെന്നും ഇഷ്ടഭക്ഷണങ്ങള്‍ കഴിച്ചുകൊണ്ടുള്ള ഡയറ്റാണ് ഫോളോ ചെയ്യുന്നതെന്നും സുരഭി പറഞ്ഞു. ബൈ ദ പീപ്പിള്‍ എന്ന ചിത്രത്തിലൂടെയാണ് സുരഭി അഭിനയരംഗത്തേക്ക് എത്തുന്നത്. പിന്നീട് അറുപതോളം ചിത്രങ്ങളില്‍ ശ്രദ്ധിക്കപ്പെട്ട വേഷങ്ങള്‍ കൈകാര്യം ചെയ്തു. മിന്നാമിനുങ്ങ് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം സുരഭി സ്വന്തമാക്കിയിരുന്നു.
ഒരിടവേളയ്ക്ക് ശേഷം അനൂപ് മേനോന് സംവിധാനം ചെയ്യുന്ന പദ്മ ആണ് നടി സുരഭി ലക്ഷ്മിയുടെ റിലീസിന് തയ്യാറെടുക്കുന്ന ഏറ്റവും പുതിയ ചിത്രം. സൗബിന്, ദിലീഷ് പോത്തന് എന്നിവരോടൊപ്പം കേന്ദ്ര കഥാപാത്രമായി എത്തുന്ന കള്ളന് ഡിസൂസ, ദുല്‍ഖര്‍ ചിത്രം കുറുപ്പ്, അനുരാധ, തല, പൊരിവെയില് , ജ്വാലാമുഖി എന്നീ ചിത്രങ്ങളാണ് സുരഭിയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രങ്ങള്‍.
Discussion about this post