ജന്മദിനത്തില് അച്ഛനെ കുറിച്ചുള്ള വികാരനിര്‍ഭരമായ കുറിപ്പുമായി നിര്‍മ്മാതാവും നടന് പൃഥ്വിരാജിന്റെ ഭാര്യയുമായ സുപ്രിയ മേനോന്. അച്ഛന് കൂടെയില്ലാത്ത പിറന്നാള്‍ ആഷോഷിക്കണോ കരയണോ എന്നു തീരുമാനിക്കാന്‍ കഴിയുന്നില്ലെന്ന് സുപ്രിയ കുറിച്ചു. വിവാഹത്തിന്റെ തലേദിവസം അച്ഛനൊപ്പമെടുത്ത ചിത്രങ്ങള്‍ പങ്കുവച്ചാണ് സുപ്രിയയുടെ കുറിപ്പ്.
സുപ്രിയയുടെ വാക്കുകള്‍: ”ജന്മദിനങ്ങള് എന്റെ വീട്ടില്‍ എന്നും വിശേഷപ്പെട്ടതാണ്. ഞാന്‍ ഈ ലോകത്തിലെ ഏറ്റവും അമൂല്യ സ്വത്താണെന്ന് അച്ഛനും അമ്മയും എന്നെ ഓര്‍മ്മിപ്പിക്കുന്ന ദിവസം. ഓരോ വര്‍ഷവും പുതിയ വസ്ത്രങ്ങളും, സമ്മാനപ്പൊതികളും, കേക്കും, ഏറ്റവും മികച്ച ജന്മദിന പാര്‍ട്ടികളും അവര്‍ എനിക്കായി ഒരുക്കി. ഞാന്‍ അവര്‍ക്ക് സ്പെഷ്യല്‍ ആണെന്ന് ഓരോ വര്‍ഷവും ഈ ദിവസത്തില്‍ അവര്‍ ഓര്‍മ്മിപ്പിച്ചുകൊണ്ടേയിരുന്നു. ഞാനേറ്റവും സ്പെഷ്യലാണെന്നു തോന്നിപ്പിച്ച ആ മനുഷ്യന് ഇപ്പോള്‍ എന്നോടൊപ്പമില്ല. എനിക്കറിയില്ല, ഈ പിറന്നാള്‍ ആഘോഷിക്കണോ, കരയണോ എന്ന്! എനിക്കിതു വരെയും ഡാഡിയുടെ മരണമുണ്ടാക്കിയ നഷ്ടത്തെ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ല.
എന്റെ വിവാഹത്തലേന്ന് എടുത്ത ചിത്രങ്ങളാണിത്. മെഹന്ദി ചടങ്ങിനിടെ ഞാനും ഡാഡിയും നൃത്തം ചെയ്യുന്ന ചിത്രങ്ങള്‍. ഒരു സുഹൃത്തായിരുന്നു എനിക്കേറ്റവും ഇഷ്ടപ്പെട്ട ട്രാക്കുകള്‍ ചേര്‍ത്ത് സര്‍പ്രൈസായി പ്ലേ ചെയ്തത്. മറ്റൊരു സുഹൃത്ത് ഫോട്ടോയെടുത്തു. പിറ്റേന്ന് നടക്കാനിരിക്കുന്ന വിവാഹത്തിന്റെ എല്ലാ സമ്മര്‍ദ്ദങ്ങള്‍ക്കും തിരക്കുകള്‍ക്കും ഇടയില്‍ പോലും കുറച്ചു സമയം കണ്ടെത്തി ഡാഡി എന്നോടൊപ്പം സ്വയം മറന്ന് നൃത്തം ചെയ്തു. അങ്ങനെയായിരുന്നു അദ്ദേഹം.എല്ലായ്പ്പോഴും സ്പെഷല്‍! ഞാനും സ്പെഷലാണെന്ന് എല്ലായ്പ്പോഴും എന്നെ ബോധ്യപ്പെടുത്തിക്കൊണ്ടിരുന്ന വ്യക്തി. എന്റെ പിറന്നാളിന് എന്നെ ഓര്‍ത്തവര്‍ക്കും ആശംസകള്‍ അറിയിച്ചവര്‍ക്കും നന്ദി. നിങ്ങളുടെ എല്ലാ സ്നേഹവും ഊഷ്മളതയും ഞാന്‍ അനുഭവിച്ചറിയുന്നു. ഡാഡി എന്റെ പിറന്നാള്‍ ആഘോഷമാക്കിയിരുന്നതുപോലെ ആഘോഷിക്കാന്‍ ശ്രമിക്കുകയാണ്.”
View this post on Instagram
Discussion about this post