നടനും എംഎല്‍എയുമായ മുകേഷിന് വിവാഹ മോചനത്തിന് നോട്ടീസയച്ച വിഷയത്തില്‍ പ്രതികരിച്ച് നര്‍ത്തി മേതില്‍ ദേവിക. വക്കീല്‍ മുഖാന്തരം വിവാഹമോചനം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിട്ടുണ്ടെന്നും കോടതി നടപടികളലേക്ക് എത്തിയിട്ടില്ലെന്നും മേതില്‍ ദേവിക മാധ്യമങ്ങളോട് പ്രതികരിച്ചു. നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും തെരഞ്ഞെടുപ്പ് അവസാനിക്കാന്‍ കാത്തിരിക്കുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു.
ഗാര്‍ഹിക പീഡനം എന്ന വാക്കൊക്കെ ഉപയോഗിക്കരുതെന്നും തനിക്ക് പരാതികളുണ്ടെങ്കിലും അത് തന്റെ പരാതിയില്‍ പെടില്ലെന്നും ദേവിക പറഞ്ഞു. തികച്ചും വ്യക്തിപരമായ കാരണങ്ങളാണ് വിവാഹമോചനത്തിലേക്ക് നയിച്ചത്. വ്യക്തിഹത്യ ചെയ്യാനോ സാമ്പത്തിക നേട്ടത്തിനോ അല്ല ഈ തീരുമാനം. ഒരുമിച്ചു പോകാന്‍ കഴിയില്ല എന്ന് തോന്നിയത് കൊണ്ടാണ് ഇങ്ങനെ ഒരു തീരുമാനമെടുത്തത്. ബിന്ദു കൃഷ്ണയുടെ ആരോപണത്തെപ്പറ്റി അറിയില്ലെന്നും മേതില്‍ ദേവിക പറഞ്ഞു.
‘മുകേഷേട്ടന് വില്ലനല്ല, അദ്ദേഹത്തെ ചെളി വാരിയെറിയാന്‍ താല്പര്യമില്ല. പിരിയുകയെന്നത് വലിയ സങ്കടകരമായ അവസ്ഥയാണ്. അദ്ദേഹത്തിനും അങ്ങനെ തന്നെയാവണം. പക്ഷേ അദ്ദേഹം നിലപാട് വ്യക്തമാക്കിയിട്ടില്ല’. ദേവിക പറഞ്ഞു.
‘തിരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനെയാണ് ഞാന്‍ വിവാഹമോചന ഹര്‍ജി ഫയല്‍ ചെയ്തത്. ഇങ്ങനെയാണ് എന്റെ താല്പര്യമെന്ന് മുകേഷേട്ടനോട് പറഞ്ഞിരുന്നു, അദ്ദേഹം അത് സീരിയസ് ആയി എടുത്തോ എന്ന് അറിയില്ല. ഞാന്‍ സീരിയസായാണ് പറഞ്ഞതെന്ന് അറിയിക്കാനാണ് നോട്ടീസ് കൂടി അയച്ചത്. തികച്ചും വ്യക്തിപരമായ കാരണങ്ങളാണ് ഇങ്ങനെ ഒരു തീരുമാനമെടുക്കാന്‍ കാരണം. അത് പക്ഷേ മറ്റാരോടും പറയാന്‍ താല്പര്യപ്പെടുന്നില്ല. ഞങ്ങളുടെ തികച്ചും വ്യക്തിപരമായ വിഷയത്തെപ്പറ്റി ബിന്ദു കൃഷ്ണ എന്താണ് പറഞ്ഞത് എന്ന് എനിക്ക് അറിയില്ല. ഞാന്‍ അതൊന്നും കണ്ടിട്ടില്ല’, മേതില്‍ ദേവിക പറഞ്ഞു.
Discussion about this post