ലക്നൗ: ഉത്തര്‍പ്രദേശില്‍ മാധ്യമപ്രവര്‍ത്തകനെയും സുഹൃത്തിനെയും കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പേര് അറസ്റ്റില്‍. ലളിത് മിശ്ര, റിങ്കു എന്ന കേശവാനന്ദ് മിശ്ര, അക്രം അലി എന്നവരാണ് പിടിയിലായത്. പ്രാദേശിക ദിനപത്രത്തിലെ മാധ്യമപ്രവര്‍ത്തകനായ ബല്‍റാംപുര്‍ സ്വദേശി രാകേഷ് സിംഗ്, സുഹൃത്ത് പിന്റു സാഹു എന്നിവരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ആഴ്ചയായിരുന്നു സംഭവം.
വീടിനകത്ത് തീപ്പൊള്ളലേറ്റ നിലയിലായിരുന്നു ഇരുവരെയും കണ്ടെത്തിയത്. ഇരുവരെയും സാനിറ്റൈസര്‍ ഒഴിച്ച് വീടിനകത്ത് പൂട്ടിയിട്ട് തീകൊളുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഗ്രാമമുഖ്യന്റെറെ മകനടക്കമാണ് അറസ്റ്റിലായിരിക്കുന്നത്.
ലക്നൗ നഗരത്തിന് 160 കിലോമീറ്റര്‍ അകലെ കല്‍വാരി ഗ്രാമത്തില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. ലക്നൗവിലെ ഒരു പ്രാദേശിക ദിനപത്രമായ രാഷ്ട്രീയ സ്വരൂപിലെ മാധ്യമപ്രവര്‍ത്തകനാണ് 37 കാരനായ രാകേഷ് സിംഗ്. ഗ്രാമമുഖ്യന്റെയും മകന്റെയും അഴിമതിയെ കുറിച്ച് താന്‍ സ്ഥിരമായി വാര്‍ത്ത നല്‍കിയിരുന്നുവെന്നും സത്യം പറഞ്ഞതിന് തനിക്ക് കിട്ടിയ സമ്മാനമാണ് ഇതെന്നും ആശുപത്രി അധികൃതരോട് മരണത്തിന് തൊട്ടുമുന്‍പ് രാകേഷ് പറഞ്ഞിരുന്നു. 2.5 മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ വീഡിയോ പുറത്തുവന്നതാണ് കേസിന് വഴിത്തിരിവായത്.
Discussion about this post