സിഡ്നി: ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പര നഷ്ടമായതില്‍ വലിയ വിമര്‍ശനമാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി നേരിടുന്നത്. മുന്‍ താരവും എം.പിയുമായ ഗൗതം ഗംഭീറും കമന്റേറ്റര്‍ കൂടിയായ ആകാശ് ചോപ്രയുമാണ് പ്രധാന വിമര്‍ശകര്‍.
നേരത്തെ ജസ്പ്രീതം ബുംറയ്ക്ക് ആദ്യ സ്പെല്ലില് രണ്ടോവര്‍ മാത്രം നല്കിയ രീതിയെ ഗംഭീര്‍ വിമര്‍ശിച്ചിരുന്നു. ശക്തമായൊരു ബാറ്റിങ് ലൈനപ്പുള്ള ടീമിനെ പിടിച്ചുനിര്‍ത്താന്‍ തുടക്കത്തില്‍ വിക്കറ്റുകള്‍ വീഴ്ത്തേണ്ടതുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ പ്രധാന ബൗളര്‍ക്ക് എന്തുകൊണ്ട് രണ്ട് ഓവര്‍ മാത്രം നല്‍കിയെന്നായിരുന്നു ഗംഭീറിന്റെ ചോദ്യം.
അതേസമയം ഇന്ത്യന്‍ ടീമിന്റെ തോല്‍വിക്ക് കാരണം കോഹ്ലിയുടെ ക്യാപ്റ്റന്‍സിയല്ലെന്ന് പറഞ്ഞു പിന്തുണ നല്‍കിയിരിക്കുകയാണ് ഇന്ത്യന്‍ താരം ഹര്ഭജന് സിംഗ്. സഹതാരങ്ങള്‍ അവസരത്തിനൊത്ത് ഉയരാത്തതാണ് തോല്‍വിക്ക് കാരണമെന്നും ഹര്ഭജന് പറയുന്നു. ക്യാപ്റ്റന്‍സി കോഹ്ലിക്ക് ഒരു ഭാരമാകുന്നുണ്ടെന്ന് തനിക്ക് തോന്നുന്നില്ല. ക്യാപ്റ്റന്‍സി അദ്ദേഹത്തിന് സമ്മര്‍ദമുണ്ടാക്കുന്നുണ്ടെന്നും കരുതുന്നില്ല. ഇത്തരം വെല്ലുവിളികള്‍ ഇഷ്ടപ്പെടുന്നയാളാണ് കോഹ്ലി. ടീം ജയിച്ച അവസരങ്ങളില്‍ പലപ്പോഴും മുന്നില്‍ നിന്ന് നയിച്ചത് കോഹ്ലിയാണെന്നും ഹര്ഭജന് പറയുന്നു. സഹതാരങ്ങള്‍ സ്ഥിരതയോടെ കളിച്ചാല്‍ കോഹ്ലിക്ക് സ്വതന്ത്രമായി കളിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post