കൊച്ചി: ബിസിസിഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് നീങ്ങിയ ഇന്ത്യന്‍ താരം എസ്.ശ്രീശാന്ത് ക്രിക്കറ്റ് മൈതാനത്തേയ്ക്ക് മടങ്ങിവരാന്‍ ഒരുങ്ങുന്നു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മാതൃകയില്‍ കേരള ക്രിക്കറ്റ് അസോസിയേഷന് (കെസിഎ) സംഘടിപ്പിക്കുന്ന ട്വന്റി20 ലീഗിലൂടെയാണ് താരത്തിന്റെ ഔദ്യോഗിക മടങ്ങിവരവ്. അടുത്ത മാസം ആലപ്പുഴയിലാണ് ട്വന്റി 20 ടൂര്‍ണമെന്റ് നടക്കുന്നത്.
ഐപിഎല്‍ ഒത്തുകളിക്കേസുമായി ബന്ധപ്പെട്ട് ശ്രീശാന്തിന് ബിസിസിഐ ഏര്‍പ്പെടുത്തിയിരുന്ന 7 വര്‍ഷത്തെ വിലക്കിന്റെ കാലാവധി ഈ വര്‍ഷം സെപ്റ്റംബര്‍ 13ന് അവസാനിച്ചിരുന്നു. അടുത്ത മാസം നടക്കുന്ന ടൂര്‍ണമെന്റില്‍ ശ്രീശാന്തിനെ കളിപ്പിക്കാന്‍ ബിസിസിഐയുടെ അനുമതി തേടി കെസിഎ കത്തയച്ചിട്ടുണ്ട്.
ആഭ്യന്തര സീസണിലെ മത്സരങ്ങള്‍ സംബന്ധിച്ച അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിലാണ് സ്വന്തം പ്രീമിയര്‍ ലീഗ് തുടങ്ങാന്‍ കെസിഎ ജനറല്‍ ബോഡി യോഗം കഴിഞ്ഞ മാസം തീരുമാനിച്ചത്. കേരളത്തിലെ രജിസ്റ്റേഡ് താരങ്ങളെ 6 ടീമുകളാക്കി തിരിച്ച് ആലപ്പുഴ എസ്ഡി കോളേജ്- കെസിഎ സ്റ്റേഡിയത്തില്‍ മത്സരം നടത്താനാണ് പദ്ധതി. എന്നാല്‍ തീയതി സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല.
Discussion about this post