പെഷവാര്‍: 1300 വര്‍ഷം മുമ്പ് നിര്‍മ്മിച്ചതെന്ന് കരുതപ്പെടുന്ന ക്ഷേത്രം പാകിസ്താനില്‍ കണ്ടെത്തി. പാകിസ്താനിലെ സ്വാത് ജില്ലയില്‍ നിന്നാണ് ക്ഷേത്രം കണ്ടെത്തിയത്. പാകിസ്താന്, ഇറ്റാലിയന്‍ ആര്ക്കിയോളജിസ്റ്റകളാണ് ക്ഷേത്രം കണ്ടെത്തിയത്.
ബാരിക്കോട്ട് ഗണ്ടായില് നടത്തിയ ഖനനത്തിനിടെയാണ് ക്ഷേത്രം കണ്ടെത്തിയത്. വിഷ്ണു ക്ഷേത്രമായിരുന്നു ഇതെന്ന് പഖ്തുന്‍ഖ്വ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ആര്‍ക്കിയോളജിയിലെ ഫസല്‍ ഖാലിഖ് പറഞ്ഞു. ഹിന്ദു ഷാഹി കാലഘട്ടത്തില്‍ നിര്‍മ്മിച്ചതാകാം ഇതെന്നാണ് കരുതുന്നത്. കാബൂള്‍ താഴ്വര(കിഴക്കന്‍ അഫ്ഗാനിസ്ഥാന്), ഗാന്ധാര(ഇന്നത്തെ പാകിസ്താന്-അഫ്ഗാനിസ്ഥാന്), ഇന്നത്ത വടക്കുപടിഞ്ഞാറന്‍ ഇന്ത്യ എന്നീ പ്രദേശങ്ങള്‍ ഭരിച്ചിരുന്ന രാജവംശമാണ് കാബൂള്‍ ഷാഹി എന്നറിയപ്പെടുന്ന ഹിന്ദു രാജവംശം.
ക്ഷേത്രത്തിന് സമീപത്ത് നിന്നായി കന്റോണ്‍മെന്റിന്റെയും കാവല്‍ ഗോപുരങ്ങളുടെയും അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്. കുളിക്കാന്‍ ഉപയോഗിച്ചിരുന്നതെന്ന് കരുതുന്ന വാട്ടര്‍ ടാങ്കും സമീപത്തായി കണ്ടെത്തി. ഗാന്ധാരി നാഗരികതയുടെ ആദ്യത്തെ ക്ഷേത്രമാണിതെന്ന് ഇറ്റാലിയന്‍ പുരാവസ്തു ദൗത്യ മേധാവി ഡോ.ലൂക്ക പറഞ്ഞു.
Discussion about this post