തിരുവനന്തപുരം: ബിനീഷ് കോടിയേരിയുടെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡ് അന്വേഷണത്തിന്റെ ഭാഗമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇ.ഡി അന്വേഷണത്തില്‍ പ്രവചനത്തിനില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. റെയ്ഡിന് പിന്നില്‍ രാഷ്ട്രീയലക്ഷ്യങ്ങളുളളതായി കരുതുന്നുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ബിനിഷിന്റെ വീട്ടില്‍ ഇ.ഡി നടത്തിയ റെയ്ഡ് രാഷ്ട്രീയപ്രേരിതം എന്ന് പറയുന്നില്ല. നിയമവിരുദ്ധമായി എന്തെങ്കിലും ഉണ്ടായെങ്കില്‍ ആ കുടുംബം നിയമപരമായി നേരിടും. വിഷയത്തില്‍ സര്‍ക്കാരിന്റെ നിലപാട് ചോദിക്കുകയാണെങ്കില്‍ ഒരു വ്യക്തിക്കെതിരെ ഉയര്‍ന്നുവരുന്ന ആരോപണത്തിന്റെ ഭാഗമായുളള അന്വേഷണത്തെ കുറിച്ച് അതിന്റെ നിജസ്ഥിതി എന്താണെന്നറിയാതെ മുന്‍കൂറായി പ്രവചനം നടത്താന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
‘അന്വേഷണ ഏജന്‍സി ഇവിടെ എത്തിയത് അവരുടെ അന്വേഷണത്തിന്റെ ഭാഗമായാണ്. അവരുടെ കൈയില്‍ എന്താണ് ഉളളത് എന്ന് അറിയാത്ത ഒരു കൂട്ടര്‍ അതിനെപറ്റി മറ്റെന്തെങ്കിലും അഭിപ്രായം പറയുന്നത് ശരിയാവില്ല. നിയമവിരുദ്ധമായ എന്തെങ്കിലും കാര്യങ്ങള്‍ നടന്നിട്ടുണ്ടെങ്കില്‍ അതിന് നമ്മുടെ നാട്ടില്‍ നിയമങ്ങളുണ്ട്. അതുമായി ബന്ധപ്പെട്ട നടപടികള്‍ സ്വാഭാവികമായി ആ കുടുംബം സ്വീകരിക്കുകയും ചെയ്യും. അക്കാര്യത്തില്‍ ഉറപ്പിച്ച് ഒന്നും പറയാനാകില്ല.’-മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതില്‍ സര്‍ക്കാരിന് യാതൊരു ആശങ്കയുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post