തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും എകെജി സെന്ററില്‍ ചര്‍ച്ച നടത്തുന്നു. എം.എ.ബേബി അടക്കമുള്ള നേതാക്കളും ചര്‍ച്ചയ്‌ക്കെത്തിയിട്ടുണ്ട്.
ബിനീഷിന്റെ വീട്ടില്‍ ഇ.ഡി ഇന്നലെ തുടങ്ങിയ റെയ്ഡ് പൂര്‍ത്തിയായി. 26 മണിക്കൂറാണ് ഇ.ഡി റെയ്ഡ് നടത്തിയത്. റെയ്ഡ് പൂര്‍ത്തിയാക്കി ഉദ്യോഗസ്ഥര്‍ മടങ്ങി. അതേസമയം ബിനീഷിന്റെ വീട്ടില്‍ നിന്ന് അനൂപിന്റെ ക്രഡിറ്റ് കാര്‍ഡ് കണ്ടെടുത്തത് കണ്ടിട്ടില്ലെന്ന് ബിനീഷിന്റെ ഭാര്യ പറഞ്ഞു. ബിനീഷ് കോടിയേരിയുടെ ബന്ധുക്കള്‍ തിരുവനന്തപുരം അഡീഷണല്‍ സിജെഎം കോടതിയെ സമീപിച്ചു. ബിനീഷിന്റെ കുടുംബത്തെ അനധികൃതമായി തടഞ്ഞുവെച്ചു എന്ന് ആരോപിച്ചാണ് ബന്ധുക്കള്‍ കോടതിയെ സമീപിച്ചത്. എന്നാല്‍ ബിനീഷിന്റെ കുടുംബം അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ഇ.ഡി വ്യക്തമാക്കി.നടപടി പൂര്‍ത്തിയാക്കാന്‍ അനുവദിച്ചില്ലെന്നും കോടതിയെ ഇക്കാര്യം അറിയിക്കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അതിനിടെ പൂജപ്പുര സിഐ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ക്ക് നോട്ടീസ് നല്‍കി. അനധികൃതമായ കസ്റ്റഡിയില്‍ വെച്ചെന്ന് ബിനീഷിന്റെ ഭാര്യ പരാതി നല്‍കിയെന്ന് പോലീസ് പറഞ്ഞു. റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥരുടെ വിശദവിവരങ്ങള്‍ ഇ.ഡി നല്‍കാമെന്ന് ഉറപ്പുനല്‍കിയതായി പോലീസ് അറിയിച്ചു. അനധികൃത കസ്റ്റഡിയെന്ന പരാതിയെ തുടര്‍ന്ന് ഉദ്യോഗസ്ഥരെ പോലീസ് തടഞ്ഞിരുന്നു. റെയ്ഡ് കഴിഞ്ഞ് പോകാന്‍ തുടങ്ങിയപ്പോഴാണ് പോലീസ് ഇ.ഡിയുടെ വാഹനം തടഞ്ഞത്.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് 24 മണിക്കൂർ പിന്നിട്ടപ്പോള്‍ ബിനീഷ് കോടിയേരിയുടെ വീട്ടിൽ സംസ്ഥാന ബാലാവകാശ കമ്മീഷനെത്തിയിരുന്നു. രണ്ടര വയസ് പ്രായമുള്ള ബിനീഷിന്റെ കുഞ്ഞിനെ നിയമവിരുദ്ധമായി തടവിൽ വെച്ച് മാനസികമായി പീഡിപ്പിക്കുന്നുവെന്ന ബിനീഷിന്റെ ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ബാലാവകാശ കമ്മീഷനെത്തിയത്.
Discussion about this post