വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ വിജയത്തിനരികെ. 253 ഇലക്ടറല്‍ കോളേജ് അംഗങ്ങളുടെ പിന്തുണ ബൈഡന് ലഭിച്ചു. നെവാഡയും അരിസോണയും പിടിച്ചാല്‍ ബൈഡന് കേവലഭൂരിപക്ഷം ലഭിക്കും. 2016ല്‍ ഡെമോക്രാറ്റുകള്‍ വിജയിച്ച സംസ്ഥാനങ്ങളാണിത്. ട്രംപിന്റെ തെറ്റായ നയങ്ങള്‍ തിരുത്തുമെന്ന് ജോ ബൈഡന്‍ പറഞ്ഞു. പാരീസ് ഉടമ്പടിയില്‍ നിന്ന് പിന്‍മാറിയ നടപടി റദ്ദാക്കുമെന്ന് ബൈഡന്‍ പ്രഖ്യാപിച്ചു. കാലാവസ്ഥാ വ്യതിയാനം തടയാന്‍ ലക്ഷ്യമിടുന്ന ഉടമ്പടിയാണിത്.
അതേസമയം പോസ്റ്റല്‍ ബാലറ്റില്‍ തര്‍ക്കം നിലനില്‍ക്കുകയാണ്. തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടെന്ന് റിപബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. കള്ളവോട്ട് ആരോപിച്ച് ട്രംപ് കോടതിയെ സമീപിച്ചു. വോട്ടെണ്ണല്‍ നിര്‍ത്തണമെന്നും ട്രംപ് ആവശ്യപ്പെട്ടു. മിഷിഗണ്‍ കോടതിയിലും സുപ്രീംകോടതിയിലും ട്രംപ് ഹര്‍ജി നല്‍കി.
സ്വിങ് സ്റ്റേറ്റുകളായ വിസ്‌കോണ്‍സണും മിഷിഗണും ബൈഡന്‍ പിടിച്ചതോടെയാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്. ട്രംപ് പക്ഷം പ്രതീക്ഷിച്ചിരുന്നതാണ് ഈ രണ്ട് സംസ്ഥാനങ്ങളിലെ 26 ഇലക്ട്രല്‍ വോട്ടുകള്‍.
Discussion about this post