വാഷിംഗ്ടണ്‍: അമേരിക്കയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഫലം വരാനുള്ള ഏഴ് സംസ്ഥാനങ്ങളില്‍ അഞ്ചിടത്തും ഡൊണാള്‍ഡ് ട്രംപ് മുന്നില്‍. സ്വിംഗ് സ്‌റ്റേറ്റുകളിലൊന്നായ മിഷിഗണ്‍, വിസ്‌കോണ്‍സിന്‍ എന്നിവിടങ്ങളില്‍ മാത്രമാണ് ജോ ബൈഡന്‍ മുന്നിലുള്ളത്. അതേസമയം അന്തിമ ഫലം ഇന്നുണ്ടാകില്ല. പെന്‍സില്‍വാനിയയിലും മിഷിഗണിലും ഫലപ്രഖ്യാപനം വൈകുന്നതിനാലാണ് അന്തിമഫലം ഇന്ന് പുറത്തുവരാന്‍ സാധ്യതയില്ലാത്തത്.
വോട്ടെണ്ണല്‍ തീരാന്‍ ചിലപ്പോള്‍ ആഴ്ചകള്‍ തന്നെ വേണ്ടിവരുമെന്നാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്. തപാല്‍ വോട്ടുകളിലുള്ള വര്‍ധനയാണ് വോട്ടെണ്ണല്‍ വൈകാന്‍ കാരണം. എന്നാല്‍ ഡൊണാള്‍ ട്രംപ് കോടതിയെ സമീപിക്കുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്. പോസ്റ്റല്‍ ബാലറ്റുകളില്‍ നാല് മണിക്ക് ശേഷമുള്ളവ എണ്ണരുതെന്നാവശ്യപ്പെട്ടാണ് ട്രംപ് കോടതിയെ സമീപിക്കുന്നത്. നാല് മണിക്ക് കുറച്ചധികം വോട്ടുകള്‍ നിഗൂഢമായി കണ്ടെത്തുകയും അവ എണ്ണുകയും ചെയ്‌തെന്നാണ് ട്രംപിന്റെ ആരോപണം.
വോട്ടെണ്ണല്‍ തീരുന്നതിന് മുമ്പ് തന്നെ ജയം അവകാശപ്പെട്ട് ട്രംപ് രംഗത്തെത്തിയിരുന്നു. ആഘോഷം തുടങ്ങാന്‍ ട്രംപ് അനുയായികളോട് നിര്‍ദേശിക്കുകയും ചെയ്തിരുന്നു.
ഏറ്റവുമൊടുവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ട് പ്രകാരം ഇലക്ട്രല്‍ വോട്ടുകളില്‍ 224 എണ്ണം ജോ ബൈഡനും 213 എണ്ണം ട്രംപിനുമാണ്. ഇനിയുള്ള 80 വോട്ടുകള്‍ ട്രംപിന് അനുകൂലമാണ്. പ്രസിഡന്റാകാന്‍ ആകെ 270 വോട്ടുകളാണ് വേണ്ടത്.
Discussion about this post