മുംബൈ: റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമി അറസ്റ്റില്‍. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് അര്‍ണബിനെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തത്. രാവിലെ മുംബൈയിലെ വീട്ടില്‍ നിന്നാണ് പോലീസ് അര്‍ണബിനെ കൊണ്ടുപോയത്.അതേസമയം അര്‍ണബിനെ പോലീസ് കയ്യേറ്റം ചെയ്‌തെന്ന് റിപ്പബ്ലിക് ടിവി ആരോപിച്ചു.
ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അര്‍ണബിന് നേരത്തെ നോട്ടീസ് നല്‍കിയിരുന്നു. 2018ലെ കേസിലാണ് അറസ്റ്റ്. ഇന്റീരിയര്‍ ഡിസൈനറായിരുന്ന ആന്‍വെ നായിക്കും അമ്മ കുമുദ് നായിക്കും ആത്മഹത്യ ചെയ്ത കേസിലാണ് അര്‍ണബിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ആന്‍വെയുടെ ആത്മഹത്യാക്കുറിപ്പില്‍ അര്‍ണബിന്റെ പേര് സൂചിപ്പിച്ചിരുന്നു. അര്‍ണബും മറ്റ് രണ്ട് പേരും നല്‍കാനുണ്ടായിരുന്ന 5.40 കോടി രൂപ നല്‍കിയില്ലെന്നും ഇത് സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചെന്നുമായിരുന്നു ആത്മഹത്യാകുറിപ്പിലുണ്ടായിരുന്നത്. 2018ല്‍ അലിബാഗ് പോലീസ് കേസ് ഫയല്‍ ചെയ്‌തെങ്കിലും 2019ല്‍ കേസ് റായ്ഗഡ് പോലീസ് ക്ലോസ് ചെയ്തിരുന്നു. മാര്‍ച്ചില്‍ ആന്‍വെ നായിക്കിന്റെ മകളുടെ അപേക്ഷയെ തുടര്‍ന്ന് ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് കേസ് വീണ്ടും അന്വേഷിക്കാന്‍ ഉത്തരവിടുകയായിരുന്നു.
കസ്റ്റഡിയിലെടുത്ത അര്‍ണബിനെ അലിബാഗിലേക്ക് കൊണ്ടുപോകുമെന്ന് പോലീസ് അറിയിച്ചു.
Discussion about this post