തിരുവനന്തപുരം: യുഡിഎഫ് നേതാക്കള്‍ ബലാത്സംഗം ചെയ്തുവെന്ന് ഒരു സ്ത്രീയെ കൊണ്ട് പറയിപ്പിക്കാന്‍ വീണ്ടും ശ്രമമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഒരുപാട് തവണ ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീ ഒന്നുകില്‍ മരിക്കും അല്ലെങ്കില്‍ പിന്നീടത് ഉണ്ടാകാതെ നോക്കും. ഉന്നത പോലീസ് ഉദ്യോഗസ്ഥനില്‍ നിന്ന് ഇതേ കുറിച്ച് വിവരം ലഭിച്ചെന്നും മുല്ലപ്പള്ളി പറഞ്ഞു. സോളാര്‍ കേസിലെ പരാതിക്കാരിക്കെതിരെയാണ് മുല്ലപ്പള്ളി രാമചന്ദ്രന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം.
മുങ്ങിത്താഴാന്‍ പോകുമ്പോള്‍ ഒരു അഭിസാരികയെ കൊണ്ടുവന്ന് രക്ഷപ്പെടാമെന്ന് പിണറായി കരുതേണ്ടെന്നും മുല്ലപ്പള്ളി. സംസ്ഥാനം മുഴുവന്‍ തന്നെ ബലാത്സംഗം ചെയ്തുവെന്ന് വിലപിക്കുന്ന സ്ത്രീയാണത്. ആരോപണം ഗൂഢാലോചനയെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ തന്നെ പറഞ്ഞുവെന്നും മുല്ലപ്പള്ളി പറഞ്ഞു.
സോളാര്‍ കേസ് മുന്‍നിര്‍ത്തി യുഡിഎഫിനെതിരെ സര്‍ക്കാര്‍ നീക്കം ശക്തമാക്കുന്നു എന്നാരോപിച്ചായിരുന്നു മുല്ലപ്പള്ളിയുടെ പരാമര്‍ശം. യുഡിഎഫിന്റെ വഞ്ചനാദിനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്ത ശേഷമായിരുന്നു മുല്ലപ്പള്ളി സംസാരിച്ചത്.
Discussion about this post