കൊച്ചി: യുട്യൂബര്‍ വിജയ് പി.നായരെ തല്ലിയ കേസില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി അടക്കമുള്ള പ്രതികളെ വിമര്‍ശിച്ച് ഹൈക്കോടതി. മാറ്റത്തിന് വേണ്ടി നിയമം കയ്യിലെടുക്കുന്നവര് അതിന്റെ പ്രത്യാഘാതങ്ങള്‍ നേരിടാനും തയ്യാറാകണം എന്ന് കോടതി പറഞ്ഞു. നിയമവ്യവസ്ഥയില്‍ വിശ്വാസമില്ലാത്തത് കൊണ്ടാണോ പ്രതികള്‍ നിയമം കയ്യിലെടുത്തത് എന്ന് കോടതി ചോദിച്ചു. വിജയ് പി.നായരെ മര്‍ദിച്ച കേസില്‍ ഭാഗ്യലക്ഷ്മിയടക്കം മൂന്നു പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുമ്പോഴായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം.
ഒരാളെ വീട്ടില്‍ കയറി മര്‍ദിച്ച്, ലാപ്ടോപ്പും ഫോണും എടുത്തു കൊണ്ട് പോയ പ്രവൃത്തി എന്ത് സന്ദേശമാണ് സമൂഹത്തിന് നല്‍കുക എന്ന് കോടതി ചോദിച്ചു. തങ്ങളുടെ പ്രവര്‍ത്തി തെറ്റായ സന്ദേശം നല്‍കില്ലെന്നും സമൂഹത്തിന്റെ മാറ്റത്തിനു വേണ്ടിയാണ് അങ്ങനെ ചെയ്തതെന്നും ഭാഗ്യലക്ഷ്മി മറുപടി നല്കി. നിയമവ്യവസ്ഥയെ വിശ്വാസമില്ലാത്തത് കൊണ്ടാണോ നിയമം കയ്യിലെടുത്തതെന്ന് ജസ്റ്റിസ് അശോക് മേനോന് ചോദിച്ചു. സ്ത്രീകള്‍ക്കതിരെ മോശം പരാമര്‍ശങ്ങളടങ്ങിയ വീഡിയോകള്‍ ചെയ്ത വിജയ് പി.നായരുടെ നടപടിയെയും ജസ്റ്റിസ് അശോക് മേനോന് വിമര്‍ശിച്ചു.
Discussion about this post