കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കസ്റ്റംസിന്റെയും ഇ.ഡിയുടെയും എതിര്‍ വാദങ്ങള്‍ അംഗീകരിച്ചാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്. ശിവശങ്കറിന്റെ അറസ്റ്റിന് തടസമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
ശിവശങ്കറിന് ജാമ്യം അനുവദിക്കുന്നതിനെ അന്വേഷണ ഏജന്‍സികള്‍ എതിര്‍ത്തിരുന്നു. സ്വര്‍ണ്ണക്കടത്തിന്റെ ഗൂഢാലോചനയില്‍ ശിവശങ്കറിന് കൃത്യമായ പങ്കുണ്ടെന്നും ഇതിനായി മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നത പദവി ദുരുപയോഗം ചെയ്തുവെന്നുമാണ് എന്‍ഫോഴ്‌സ്‌മെന്റിന്റെ വാദം. നിയമപരമായി മുന്‍കൂര്‍ ജാമ്യഹര്‍ജി നിലനില്‍ക്കില്ലെന്ന് കസ്റ്റംസും ഹൈക്കോടതിയെ അറിയിച്ചു. ശിവശങ്കറിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചാല്‍ തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന കേന്ദ്ര ഏജന്‍സികളുടെ വാദം ജസ്റ്റിസ് അശോക് മേനോന്‍ അംഗീകരിക്കുകയായിരുന്നു.
വഞ്ചിയൂരിലെ സ്വകാര്യ ആശുപത്രിയില്‍ ആയുര്‍വേദ ചികിത്സയിലാണ് ശിവശങ്കറിപ്പോഴുള്ളത്. എന്‍ഫോഴ്സ്മെന്റ് കേസിലാണ് ശിവശങ്കര്‍ ആദ്യം മുന്‍കൂര്‍ ജാമ്യാപക്ഷ നല്‍കിയത്. കസ്റ്റംസ് സംഘം ഏറ്റവും ഒടുവില്‍ ഒക്ടോബര്‍ 16ന് ചോദ്യം ചെയ്യാനായി വൈകുന്നേരം വീട്ടിലെത്തി നോട്ടീസ് നല്‍കി ചോദ്യം ചെയ്യലിനായി കൊണ്ടുപോകുകയായിരുന്നു. എന്നാല്‍ യാത്രാമധ്യേ ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെടുന്നതായി അദ്ദേഹം പരാതിപ്പെടുകയും കസ്റ്റംസ് സംഘം തന്നെ ആശുപത്രിയിലെത്തിച്ചു.
Discussion about this post