കോട്ടയം: സാമ്പത്തിക സംവരണം സംബന്ധിച്ച വിഷയത്തില്‍ മുസ്ലിം ലീഗിനെ വിമര്‍ശിച്ച് സീറോ മലബാര്‍ സഭ. ദീപികയിലെ എഡിറ്റോറിയല്‍ പേജ് ലേഖനത്തിലാണ് വിമര്‍ശനമുന്നയിച്ചിരിക്കുന്നത്. ചങ്ങനാശ്ശേരി ആര്‍ച്ച് ബിഷപ്പ് ജോസഫ് പെരുന്തോട്ടമാണ് ‘സാമ്പത്തിക സംവരണത്തെച്ചൊല്ലി എന്തിന് അസ്വസ്ഥത’ എന്ന ലേഖനം എഴുതിയത്.
മുസ്ലിം ലീഗ് സംവരണത്തെ എതിര്‍ക്കുന്നത് ആദര്‍ശത്തിന്റെ പേരിലല്ലെന്ന് ലേഖനത്തില്‍ കുറ്റപ്പെടുത്തുന്നു.ഇതുവരെ യാതൊരു വിധ സംവരണ ആനുകൂല്യവും ലഭിക്കാതിരുന്ന സംസ്ഥാന ജനസംഖ്യയിലെ 27%ല്‍ അധികം വരുന്ന സംവരണേതര വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക്(ഇ.ഡബ്ല്യൂ.എസ്.) വൈകിയെങ്കിലും ലഭിച്ച നീതിയെ ചില സംഘടിത സാമുദായിക ശക്തികള്‍ അകാരണമായി എതിര്‍ക്കുന്നത് തികച്ചും ഖേദകരമാണെന്ന് ലേഖനത്തില്‍ പറയുന്നു. സ്വന്തം പാത്രത്തില്‍ ഒരു കുറവും ഉണ്ടാകുന്നില്ലെങ്കിലും അടുത്തിരിക്കുന്നവന്റെ പാത്രത്തില്‍ ഒന്നും വിളമ്പരുതെന്ന് ശഠിക്കുന്നത് എന്ത് വികാരമാണെന്നും ലേഖനത്തില്‍ ചോദിക്കുന്നു.
പാര്‍ലമെന്റില്‍ സാമ്പത്തിക സംവരണത്തിനുള്ള ഭരണഘടന ഭേദഗതി ബില്ലിനെതിരെ വോട്ട് ചെയ്തത് മുസ്ലിം ലീഗിന്റെ രണ്ടു എം.പിമാരും എ.ഐ.എം.ഐ.എമ്മിന്റെ ഒരു എം.പിയുമാണ്. ലീഗിന്റെ നിലപാടുകളില്‍ വര്‍ഗീയത മുഖംമൂടി മാറ്റി പുറത്തേക്കു വരുന്നു എന്നുള്ളതിന്റെ വ്യക്തമായ ഒരു തെളിവായി ഇതിനെ കരുതാവുന്നതാണെന്നും ലേഖനം നിരീക്ഷിക്കുന്നു.
കോണ്‍ഗ്രസിന് ദേശീയ നിലപാടിനെ പോലും അനുകൂലിക്കാന്‍ സാധിക്കാത്തത് എന്തുകൊണ്ടാണെന്നും ലേഖനം ചോദിക്കുന്നു. വ്യത്യസ്ത നിലപാടുകള്‍ പരസ്യമായി പറയുന്ന എംഎല്‍എമാരുടെ മേല്‍ പാര്‍ട്ടിക്ക് കാര്യമായ നിയന്ത്രണമില്ലാത്തതുപോലെ തോന്നുന്നു. ഈ മുന്നണിക്ക് ഒരു പ്രകടനപത്രിക പോലും പുറത്തിറക്കാന്‍ സാധിക്കുമോ എന്ന് സംശയമുണ്ടെന്ന രൂക്ഷ വിമര്‍ശനവും ലേഖനത്തിലുണ്ട്. ജമാത്ത് ഇസ്ലാമിയുടെ വെല്‍ഫയര്‍ പാര്‍ട്ടിയുമായിപ്പോലും സഖ്യമുണ്ടാക്കുന്ന സ്ഥിതിയാണുള്ളതെന്നും ലേഖനം പറയുന്നു.
Discussion about this post