ഇന്ന് വിജയദശമി. നാവില്‍ ആദ്യാക്ഷരം കുറിച്ച് വിദ്യയുടെ ലോകത്തേക്ക് ചുവടുവെക്കുകയാണ് ആയിരക്കണക്കിന് കുരുന്നുകള്‍. എന്നാല്‍ കോവിഡ് മഹാമാരിയുടെ സാഹചര്യത്തില്‍ ക്ഷേത്രങ്ങളില്‍ നടക്കേണ്ട ചടങ്ങുകള്‍ വീടുകളിലേക്ക് ഒതുങ്ങി. സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശപ്രകാരമാണ് പലരും വിദ്യാരംഭ ചടങ്ങ് വീടുകളിലാക്കിയത്.
സംസ്ഥാനത്ത് മിക്ക ക്ഷേത്രങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും വിദ്യാരംഭ ചടങ്ങ് നടത്തുന്നില്ല. നടത്തുന്ന സ്ഥലങ്ങളില്‍ കര്‍ശന കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. പ്രധാന എഴുത്തിനിരുത്തല്‍ കേന്ദ്രങ്ങളിലൊന്നായ തിരൂര്‍ തുഞ്ചന്‍പറമ്പിലും വിദ്യാരംഭ ചടങ്ങുകളില്ല. ദക്ഷിണ മൂകാംബിക എന്നറിയപ്പെടുന്ന കോട്ടയം പനച്ചിക്കാട് ക്ഷേത്രത്തില്‍ ചടങ്ങുകള്‍ നടക്കുന്നുണ്ട്.
കര്‍ണാടകയിലെ കൊല്ലൂര്‍ ശ്രീ മൂകാംബിക ക്ഷേത്രത്തിലും വിദ്യാരംഭ ചടങ്ങുകള്‍ നടത്തുന്നുണ്ട്. ഞായറാഴ്ച രാവിലെ മുതല്‍ ചടങ്ങുകള്‍ക്ക് തുടക്കമായിരുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പ്രകാരമാണ് ചടങ്ങുകള്‍. എന്നാല്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കുട്ടികളുടെ എണ്ണം ഇത്തവണ വളരെ കുറവാണ്. ആചാര്യന്മാര് എഴുതിക്കുന്നതിന് പകരം രക്ഷിതാക്കള്‍ തന്നെയാണ് കുട്ടികളെ എഴുതിക്കുന്നത്.
Discussion about this post