തിരുവനന്തപുരം: സംസ്ഥാനത്ത് സിബിഐയുടെ പ്രവര്‍ത്തനാനുമതി തടയരുതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയിലേക്ക് സിബിഐ എത്തുന്നു എന്ന് കണ്ടപ്പോള്‍, അദ്ദേഹത്തെ രക്ഷിക്കാനാണ് സിബിഐയെ വിലക്കാനുള്ള തീരുമാനമെന്ന് ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അഴിമതിക്കേസുകള്‍ അന്വേഷിക്കേണ്ട എന്ന സിപിഐഎം നിലപാട് ആത്മഹത്യാപരമാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
വടക്കാഞ്ചേരി ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതി മുഴുവന്‍ മുഖ്യമന്ത്രിയുടെ അറിവും സമ്മതത്തോടും കൂടി ഉണ്ടായിട്ടുള്ളതാണ്. കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മുഖ്യമന്ത്രിയിലേക്ക് എത്തുമെന്ന് കണ്ടപ്പോഴാണ് ഇപ്പോള്‍ ഇടതു മുന്നണി നേതാക്കന്മാരുടെ നെഞ്ചിടിപ്പ് വര്‍ധിച്ചിരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. എല്ലാ അഴിമതികളെയും മൂടിവെക്കാന്‍ എല്ലാ അഴിമതിക്കാരെയും സംരക്ഷിക്കാന്‍ അഴിമതിക്കാര്‍ക്ക് താവളം ഒരുക്കാനാണ് ഇന്ന് മുഖ്യമന്ത്രിയും ഇടതുമുന്നണിയും ശ്രമിച്ചു കൊണ്ടിരിക്കുന്നത്. അതുകൊണ്ട് ഈ തീരുമാനത്തില്‍നിന്ന് സര്‍ക്കാര്‍ പിന്തിരിയണം. ഇത് വലിയ പ്രത്യാഘാതങ്ങള്‍ സമൂഹത്തിലും സംസ്ഥാനത്തും ഉണ്ടാക്കാന്‍ പോന്ന തീരുമാനമായിരിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
Discussion about this post