കോഴിക്കോട്: വീട് പൊളിക്കാന്‍ കോഴിക്കോട് കോര്‍പറേഷന്‍ നോട്ടീസ് നല്‍കിയ സംഭവത്തില്‍ പിഴ അടയ്ക്കാന്‍ തയ്യാറാണെന്ന് കെഎം ഷാജി. ചട്ടം ലംഘിച്ചല്ല കെട്ടിടം നിര്‍മ്മിച്ചത്. കോര്‍പറേഷന്‍ അധികൃതരുടെ നടപടി രാഷ്ട്രീയ ലക്ഷ്യം വച്ചാണെന്നും കെഎം ഷാജി ആരോപിച്ചു.
കെട്ടിട നിര്‍മ്മാണച്ചട്ടം ലംഘിച്ചെന്ന് കാട്ടിയായിരുന്നു കെ എം ഷാജി എംഎല്‍എയുടെ വീട് പൊളിച്ചുമാറ്റാന്‍ കോഴിക്കോട് നഗരസഭ നോട്ടീസ് നല്‍കിയത്. പ്ലാനില്‍ കാണിച്ചതിനേക്കാള്‍ വലിപ്പത്തില്‍ വീട് പണിതിട്ടുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. പ്ലസ് ടു കോഴക്കേസുമായി ബന്ധപ്പെട്ട് അനധികൃതസ്വത്ത് സമ്പാദിച്ചെന്ന കേസില്‍ എന്‍ഫോഴ്സ്മെന്റ് നിര്‍ദേശപ്രകാരം കഴിഞ്ഞ ദിവസം കെ എം ഷാജിയുടെ വീട് നഗരസഭ അളന്നിരുന്നു.
മുന്‍സിപ്പാലിറ്റി ആക്ടിനും ബന്ധപ്പെട്ട ചട്ടങ്ങള്‍ക്കും വിരുദ്ധമായി 3000 സ്‌ക്വയര്‍ ഫീറ്റില്‍ വീട് നിര്‍മിക്കാനാണ് നേരത്തേ നിര്‍ദേശം നല്‍കിയിരുന്നത്. എന്നാല്‍ 5260 സ്‌ക്വയര്‍ ഫീറ്റിലാണ് വീട് നിര്‍മിച്ചിരിക്കുന്നത്. മൂവായിരം സ്‌ക്വയര്‍ ഫീറ്റിന് മുകളിലുള്ള വീടുകള്‍ക്ക് ആഢംബര നികുതി അടക്കണം. എന്നാല്‍ ഇത് ഒഴിവാക്കുന്നതിനായി രേഖകളില്‍ 3000 സ്‌ക്വയര്‍ ഫീറ്റിന് താഴെയെന്ന് കാണിക്കുകയും, കൂടുതല്‍ വലിപ്പത്തില്‍ വീട് പണിയുകയും ചെയ്തുവെന്നാണ് കണ്ടെത്തല്‍.
അഴീക്കോട് പ്ലസ് ടു കോഴ അഴിമതിക്കേസുമായി ബന്ധപ്പെട്ട് കെ എം ഷാജി എംഎല്‍എ അനധികൃത സ്വത്ത് സമ്പാദിച്ചോ എന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായി, മതിപ്പുവിലയും വിസ്തീര്‍ണവും വീടിന്റെ പ്ലാനുമൊക്കെയാണ് ഇഡി നഗരസഭയില്‍ നിന്ന് ആവശ്യപ്പെട്ടത്. ഇതിന്റെ ഭാഗമായിട്ടാണ് വ്യാഴാഴ്ച നഗരസഭാ ഉദ്യോഗസ്ഥര്‍ വീട് അളന്നത്.
Discussion about this post