തിരുവനന്തപുരം: കശുവണ്ടി കോര്പറേഷന് മുന്‍ എംഡി കെ.എ.രതീഷിന് ശമ്പളം ഇരട്ടിയിലധികമാക്കാന്‍ സര്‍ക്കാരിന്റെ നീക്കം. അഴിമതിക്കേസിലെ പ്രോസിക്യൂഷന് ഒഴിവാക്കിയതിനു പിന്നാലെയാണ് ശമ്പളം കൂട്ടാനുള്ള നീക്കം. 80,000ത്തില്‍ നിന്ന്
1,70,000 ആക്കാനുള്ള നടപടികള്‍ നടക്കുകയാണ്. ഇതിന് പുറമെ മറ്റു ആനുകൂല്യങ്ങളും കൂടി ചേര്‍ത്താല്‍ രണ്ടുലക്ഷത്തിലേറെ രൂപ ശമ്പളയിനത്തില്‍ വരും. നിലവില്‍ ഖാദി ബോര്‍ഡ് സെക്രട്ടറിയാണ് രതീഷ്.
കശുവണ്ടി വികസന കോര്പറേഷന് തോട്ടണ്ടി അഴിമതിക്കേസില്‍ ഒന്നാം പ്രതിയാണ് രതീഷ്. ഗുണനിലവാരം കുറഞ്ഞ തോട്ടണ്ടി വാങ്ങിയതിലൂടെ കോര്‍പറേഷനു വന്‍ നഷ്ടം നേരിട്ടതായി സിബിഐ പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കശുവണ്ടി വികസന കോര്പറേഷന് 2015 ലെ ഓണക്കാലത്തു നടത്തിയ തോട്ടണ്ടി ഇടപാടില്‍ വന്‍ നഷ്ടമുണ്ടായെന്ന കേസ് വിജിലന്‍സ് എഴുതിത്തള്ളിയിരുന്നു. എന്നാല്‍ വന്‍ക്രമക്കേടാണ് സിബിഐ അന്വേഷണത്തില്‍ കണ്ടെത്തിയത്.
സെപ്റ്റംബര്‍ മാസമാണ് കെ.എ.രതീഷ് ശമ്പള വര്‍ദ്ധന ആവശ്യപ്പെട്ടത്. കിന്‍ഫ്ര എംഡിക്ക് സര്‍ക്കാര്‍ നിശ്ചയിച്ച ഒരു ലക്ഷത്തി എഴുപതിനായിരം ശമ്പളം തനിക്കും വേണമെന്നായിരുന്നു ആവശ്യം. വ്യവസായ വകുപ്പ് മന്ത്രിയും ഖാദി ചെയര്‍മാനുമായ മന്ത്രി ഇ പി ജയരാജന് ഇതിന് അംഗീകാരവും നല്കി. ധനവകുപ്പും ശമ്പള വര്‍ദ്ധന അംഗീകരിച്ചു. തുടര്‍ന്ന്
അന്തിമ നടപടികള്‍ക്കായി വ്യവസായ സെക്രട്ടറിക്ക് മുന്നില്‍ ഫയല്‍ എത്തിയപ്പോഴാണ് സംശയമുണ്ടായത്. മുന്‍ സെക്രട്ടറിമാരുടെ ശമ്പളം എത്രയെന്ന് അന്വേഷിച്ച് വ്യവസായ സെക്രട്ടറി ഖാദി ബോര്‍ഡിനോട് വ്യക്തത തേടി. എണ്‍പതിനായിരമായിരുന്നു തൊട്ടുമുമ്പുള്ള സെക്രട്ടറി വാങ്ങിയ ശമ്പളം.
സാമ്പത്തിക പ്രതിസന്ധിക്കിടയിലും അഴിമതിക്കേസിലെ ഉദ്യോഗസ്ഥന് ശമ്പളം ഇരട്ടിയിലധികമാക്കാനുള്ള സര്‍ക്കാരിന്റെ നീക്കം വിവാദമായിരിക്കുകയാണ്.
Discussion about this post