കൊറോണ കാലത്ത് തിരിച്ച് വരേണ്ടി വന്ന പ്രവാസികളിൽ പലരും സംരംഭകരാകാൻ ഒരുങ്ങുകയാണ്.
പ്രവാസികൾക്ക് സ്വയം സംരംഭങ്ങൾ ആരംഭിക്കാൻ സഹായം നൽകുന്ന നോർക്കയുടെ എൻഡിപ്രേം പദ്ധതിയിൽ കഴിഞ്ഞ ആറ് മാസത്തിനിടെ രജിസ്റ്റർ ചെയ്തത് 4897 പേരാണ്. കഴിഞ്ഞ വർഷം ആകെ 1043 പേർ രജിസ്റ്റർ ചെയ്ത സ്ഥാനത്താണ് ഇത്രയും പേർ ഇപ്പോൾ രജിസ്റ്റർ ചെയ്തത്.
അതിനു മുൻപുള്ള വർഷങ്ങളിൽ ആയിരത്തിൽ താഴെയായിരുന്നു രജിസ്‌ട്രേഷൻ.
ടാക്‌സി സർവീസ് തുടങ്ങിയ സേവന സംരംഭങ്ങളോടാണ് മുമ്പ് മിക്കവരും താത്പര്യം കാട്ടിയിരുന്നത്. റസ്‌റ്റോറന്റ്, ബേക്കറി, വർക്ക്‌ഷോപ്പ്, ഓയിൽ മിൽ, കറിപൗഡർ നിർമാണം, സുഗന്ധവ്യഞ്ജന യൂണിറ്റുകൾ, ചപ്പാത്തി നിർമാണ യൂണിറ്റുകൾ, ഫാമുകൾ, സ്‌പോർട്‌സ് ഹബുകൾ, ജിംനേഷ്യം തുടങ്ങിയ സംരംഭങ്ങളോടാണ് ഇപ്പോൾ കൂടുതൽ പേർക്കും താത്പര്യം.
നിലവിൽ എംഡിപ്രേം പദ്ധതിയിൽ 30 ലക്ഷം രൂപ വരെയാണ് വായ്പ ലഭിക്കുക. അത് 50 ലക്ഷമായി വർധിപ്പിക്കും. നോർക്ക സബ്‌സിഡി 15 ശതമാനത്തിൽ നിന്ന് 20 ശതമാനമാക്കും. ഇതിലൂടെ കൂടുതൽ പ്രവാസികൾക്ക് മികച്ച സംരംഭങ്ങൾ തുടങ്ങാനാവും. പദ്ധതിക്കായി 18 കോടി രൂപയാണ് ബജറ്റിൽ അനുവദിച്ചിരുന്നത്.
ഇത് 40 കോടി
രൂപയായി ഉയർത്താൻ തീരുമാനിച്ചിട്ടുണ്ട്. കേരളത്തിലെ 18 ധനകാര്യ സ്ഥാപനങ്ങളാണ് പദ്ധതിയുമായി സഹകരിക്കുന്നത്. സംരംഭങ്ങൾ ആരംഭിക്കുന്ന പ്രവാസികൾക്ക് 50 ലക്ഷം രൂപ വരെ വായ്പ നൽകുന്നതിന് കെ. എഫ്. സിയുമായി നോർക്ക കരാർ ഒപ്പുവച്ചിട്ടുണ്ട്.
ഈ വർഷം 5000 പ്രവാസികൾക്ക് സംരംഭങ്ങൾ തുടങ്ങാൻ സഹായം നൽകാനാണ് നോർക്ക ലക്ഷ്യമിടുന്നതെന്ന് റസിഡന്റ് വൈസ് ചെയർമാൻ കെ. വരദരാജൻ പറഞ്ഞു.
മടങ്ങിയെത്തിയ പ്രവാസികൾക്ക് ഐ. ടി മേഖലയിൽ സ്റ്റാർട്ട് അപ്പുകൾ ആരംഭിക്കുന്നതിനും ഇപ്പോൾ നോർക്ക സഹായം ലഭ്യമാക്കുന്നു.
തൊഴിൽ നഷ്ടപ്പെട്ട കൂടുതൽ പ്രവാസികൾക്ക് ഡ്രീം കേരള പദ്ധതിയിലൂടെ തൊഴിൽ ലഭ്യമാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. പദ്ധതിയിൽ ഇതുവരെ 3000 തൊഴിൽ അന്വേഷകർ രജിസ്റ്റർ ചെയ്തു. 70 തൊഴിൽദായകരും രജിസ്റ്റർ ചെയ്തിട്ടുണ്ട്. നവംബർ 15 ഓടെ ഇതിന്റെ നടപടിക്രമങ്ങൾ നോർക്ക പൂർത്തിയാക്കും.
ഇതോടൊപ്പം പ്രവാസികൾക്ക് സൂപ്പർ മാർക്കറ്റുകൾ ആരംഭിക്കുന്നതിന് നോർക്ക സപ്ലൈകോയുമായി ചർച്ച ആരംഭിച്ചിട്ടുണ്ട്.
കുറഞ്ഞത് അഞ്ചു പേർക്കെങ്കിലും തൊഴിൽ നൽകുന്ന സംരംഭങ്ങൾ ആരംഭിക്കുന്ന പ്രവാസി സൊസൈറ്റികൾക്ക് മൂന്നു ലക്ഷം രൂപ വരെ നോർക്ക സഹായം നൽകും. ഈ വർഷം 60 സൊസൈറ്റികൾക്കാണ് സഹായം
നൽകുന്നത്.
പ്രവാസി അപക്‌സ് സൊസൈറ്റികൾ മുഴുവൻ പഞ്ചായത്തുകളിലും ആരംഭിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഒരു സൊസൈറ്റി പത്തു പേർക്കെങ്കിലും തൊഴിൽ നൽകുന്ന സംരംഭം ആരംഭിക്കണമെന്നാണ് വ്യവസ്ഥ. മീറ്റ് പ്രോഡക്ട്‌സ് ഓഫ് ഇന്ത്യയുമായുള്ള നോർക്കയുടെ കരാർ പ്രകാരം 5000 ഔട്ട്‌ലെറ്റുകൾ പ്രവാസികൾക്ക് കേരളത്തിൽ ആരംഭിക്കാനുള്ള സംവിധാനം ഒരുങ്ങും. കോവിഡ് കാലം കഴിഞ്ഞാലുടൻ ലോൺ മേളകൾ വീണ്ടും ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്.
Discussion about this post