തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളില്‍ ഒക്ടോബര്‍ ഒന്നിന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍പട്ടികയില്‍ പേര് ഉള്‍പ്പെട്ടിട്ടില്ലാത്തവര്‍ക്ക് പേര് ചേര്‍ക്കുന്നതിന് ഒക്ടോബര്‍ 27 മുതല്‍ 31 വരെ വീണ്ടും അവസരമുണ്ടെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.ഭാസ്‌കരന്‍ അറിയിച്ചു.വോട്ടര്‍ പട്ടികയില്‍ നിന്നും പേരുകള്‍ ഒഴിവാക്കുന്നതിനും ഉള്‍ക്കുറിപ്പുകള്‍ തിരുത്തുന്നതിനുമുളള അപേക്ഷകളും 27 മുതല്‍ സമര്‍പ്പിക്കാം.
പേരുകള്‍ ചേര്‍ക്കുന്നതിനും തിരുത്തലുകള്‍ വരുത്തുന്നതിനും സ്ഥാനമാറ്റം നടത്തുന്നതിനും ‘lsgelection.kerala.gov.in’ എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈന്‍ അപേക്ഷകളാണ് നല്‍കേണ്ടത്. മരിച്ചവരെയും സാധാരണ താമസക്കാരല്ലാത്തവരെയും പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നതിനുളള ആക്ഷേപങ്ങള്‍ ഫോറം 5-ലും ഫോറം 8-ലും നേരിട്ടോ തപാലിലൂടെയോ അതാത് ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാര്‍ക്ക് സമര്‍പ്പിക്കാം.
ഒക്ടോബര്‍ 31 വരെ ലഭിക്കുന്ന അപേക്ഷകളും ആക്ഷേപങ്ങളും പരിശോധിച്ച് നവംബര്‍ 10-ന് സപ്ലിമെന്ററി പട്ടികകള്‍ പ്രസിദ്ധീകരിക്കാന്‍ ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാര്‍ക്ക് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഒക്ടോബര്‍ ഒന്നിന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍പട്ടികയില്‍ 1,29,25,766 പുരുഷര്‍, 1,41,94,775 സ്ത്രീകള്‍ 282 ട്രാന്‍സ്ജെന്റര്‍മാര്‍ എന്നിങ്ങനെ 2,71,20,823 വോട്ടര്‍മാരാണ് ഉള്‍പ്പെട്ടിട്ടുളളത്.
Discussion about this post