ന്യൂഡല്‍ഹി: രാജ്യത്തെ 33 സൈനിക് സ്‌കൂളുകളിലെ പ്രവേശനത്തിനായുള്ള ഓള്‍ ഇന്ത്യാ സൈനിക് സ്‌കൂള്‍സ് എന്‍ട്രന്‍സ് എക്സാമിനേഷന് (എ.ഐ.എസ്.എസ്.ഇ.ഇ) അപേക്ഷ ക്ഷണിച്ചു. ആറ്, ഒന്‍പത് ക്ലാസ്സുകളിലേക്കുള്ള പ്രവേശനത്തിനായി അപേക്ഷ സമര്‍പ്പിക്കാം. പെണ്‍കുട്ടികള്‍ക്കും ആറാം ക്ലാസ്സിലേക്ക് അപേക്ഷ നല്‍കാം. ജനുവരി 10-ന് നടക്കുന്ന പ്രവേശന പരീക്ഷയില്‍ ഒബ്ജക്റ്റീവ് മാതൃകയിലുള്ള ഒ.എം.ആര്‍ ഷീറ്റിലാണ് ഉത്തരങ്ങള്‍ രേഖപ്പെടുത്തേണ്ടത്.
പത്തു മുതല്‍ 12 വയസ്സുവരെ പ്രായമുള്ളവര്‍ക്ക് ആറാം ക്ലാസ്സിലേക്കും 13 മുതല്‍ 15 വയസ്സുവരെയുള്ളവര്‍ക്ക് ഒന്‍പതാം ക്ലാസ്സിലേക്കും അപേക്ഷിക്കാം. പ്രായം കണക്കാക്കുന്നത് 2021 മാര്‍ച്ച് 31 അടിസ്ഥാനപ്പെടുത്തിയാകും. ജനറല്‍, ഒ.ബി.സി വിഭാഗക്കാര്‍ക്ക് 550 രൂപയും എസ്.സി,എസ്.ടി വിഭാഗക്കാര്‍ക്ക് 400 രൂപയുമാണ് ഫീസ്. ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ്, നെറ്റ്ബാങ്കിങ്, പേടിഎം തുടങ്ങിയ സേവനങ്ങളുപയോഗിച്ച് ഓണ്‍ലൈനായി ഫീസടക്കാം.
aissee.nta.nic.in എന്ന ലിങ്ക് വഴി ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷയില്‍ ഫോട്ടോ അപ്‌ലോഡ് ചെയ്യണം. ഓണ്‍ലൈനായി ഫീസുമടയ്ക്കണം. അപേക്ഷാ നടപടികള്‍ പൂര്‍ത്തിയായാല്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പര്‍/ഇ-മെയിലിലേക്ക് സന്ദേശമെത്തും. സിലബസ്, പരീക്ഷാ കേന്ദ്രങ്ങള്‍ തുടങ്ങിയ കൂടുതല്‍ വിവരങ്ങള്‍ www.nta.ac.in എന്ന വെബ്സൈറ്റിലുണ്ട്. നവംബര്‍ 19 ആണ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി.
Discussion about this post