ന്യൂഡല്‍ഹി: ഉല്‍സവകാലം വരാനിരിക്കെ ജനങ്ങള്‍ കോവിഡിനെതിരെ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് പോരാട്ടത്തില്‍ രാജ്യം ഇതുവരെ കൈവരിച്ച നേട്ടങ്ങള്‍ വിഫലമാകാന്‍ ഇടയാക്കരുത്. വാക്‌സിന്‍ കണ്ടെത്തുംവരെ കോവിഡിനെതിരായ പോരാട്ടം തീവ്രമായി തുടരേണ്ടിവരുമെന്നും പ്രധാനമന്ത്രി പറഞ്ഞു. നവരാത്രി ഉള്‍പ്പെടെയുള്ള ആഘോഷങ്ങളുടെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്.
ആഘോഷങ്ങള്‍ വരുമ്പോള്‍ കടകമ്പോളങ്ങളില്‍ തിരക്ക് കൂടാന്‍ സാധ്യതയുണ്ട്. ലോക്ഡൗണ്‍ പിന്‍വലിച്ചെങ്കിലും വൈറസ് പോയിട്ടില്ലെന്ന് തിരിച്ചറിയണം. നിരവധി പേര്‍ അലംഭാവം കാട്ടുന്നുണ്ട്. കോവിഡ് പ്രതിരോധമാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ വിമുഖത കാട്ടുന്നവരുടെ എണ്ണം കൂടുകയാണ്. മാസ്‌ക്കില്ലാതെ പുറത്തിറങ്ങുന്നവര്‍ സ്വന്തം ജീവന്‍ മാത്രമല്ല മറ്റുള്ളവരേയും അപകടത്തിലാക്കുന്നു.
ഉത്സവങ്ങളുടെയും ആഘോഷങ്ങളുടെയും കാലമാണിത്. ചെറിയ അശ്രദ്ധ മതി സന്തോഷങ്ങളില്ലാതാകാന്‍. അതിനാല്‍ കോവിഡ് പ്രോട്ടോക്കോള്‍ കൃത്യമായി പാലിക്കണം. അകലം പാലിക്കാനും മാസ്‌ക് ധരിക്കാനും ശ്രദ്ധിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
Discussion about this post