തിരുവനന്തപുരം: മരണനിരക്ക് കുറച്ച കേരളത്തിന്റെ കാര്യത്തില്‍ അഭിമാനിക്കുന്നതിന് പകരം പലരും അസ്വസ്ഥരാകുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അത്തരക്കാരാണ് കേരളത്തെ അപകീര്‍ത്തിപ്പെടുത്താന്‍ മുന്നിട്ടിറങ്ങുന്നതെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. കോവിഡ് പ്രതിരോധത്തിന്റെ കാര്യത്തില്‍ കേരളത്തെ വിമര്‍ശിച്ച കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്റെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
ജനങ്ങളുടെ ജീവന് രക്ഷിക്കാന്‍ സര്‍ക്കാര്‍ ആത്മാര്‍ഥമായി പരിശ്രമിച്ചതിന്റെ ഫലമായാണ് അംഗീകാരങ്ങള്‍ തേടിയെത്തിയത്. മരണനിരക്ക് കുറച്ചുകൊണ്ടുവരാന്‍ കഴിഞ്ഞതുകൊണ്ടാണ് കേരളം അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെട്ടത്. കേരളം ഒരു ബഹുമതിക്ക് പിന്നാലെ പോയിട്ടില്ല. ഒരു അവാര്‍ഡിനും അപേക്ഷ നല്‍കിയിട്ടില്ല. അതില്‍ അഭിമാനിക്കുന്നതിനു പകരം ചിലര്‍ അസ്വസ്ഥരാകുന്നത് ആശ്ചര്യമുണ്ടാക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഓണക്കാലത്ത് ചെറിയ ഇളവുകള്‍ മാത്രമാണ് അനുവദിച്ചത്. കൂടുതല്‍ ഇളവുകള്‍ അനുവദിച്ചുവെന്ന് പറയുന്നത് അടിസ്ഥാന രഹിതമാണ്. തിരക്ക് നിയന്ത്രിക്കാനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പോലീസ് പുറപ്പെടുവിച്ചിരുന്നു. പൊതുസ്ഥലങ്ങളില്‍ കൂട്ടംകൂടാനും ഓണാഘോഷം നടത്താനും അനുവദിക്കില്ലെന്ന് വ്യക്തമാക്കി. അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് നിര്‍ദ്ദേശിക്കുകയും കണ്ടെയ്ന്മെന്റ് സോണുകളില്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. അനാവശ്യമായ അരാജക സമരങ്ങളാണ് കോവിഡ് വ്യാപനം വര്‍ധിക്കാന്‍ ഇടയാക്കിയതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
ഞായറാഴ്ചയാണ് കേന്ദ്ര ആരോഗ്യമന്ത്രി ഹര്ഷവര്ധന് സംസ്ഥാനത്തിനെതിരെ വിമര്‍ശം ഉന്നയിച്ചത്. നിയന്ത്രണങ്ങളില്‍ വീഴ്ച വരുത്തിയാല്‍ എന്താവും സംഭവിക്കുകയെന്ന് മറ്റുസംസ്ഥാനങ്ങള്‍ കേരളത്തെ നോക്കി മനസിലാക്കണമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
Discussion about this post