പത്തനംതിട്ട: ശബരിമല മേല്‍ശാന്തിയായി വി.കെ ജയരാജ് പോറ്റിയെ തെരഞ്ഞെടുത്തു. തൃശൂര്‍ പൊയ്യ പൂപ്പത്തി വാരിക്കാട്ട് മഠം കുടുംബാംഗമാണ്. രാവിലെ ഏഴേമുക്കാലോടെ നടന്ന നറുക്കെടുപ്പിലാണ് മേല്‍ശാന്തിമാരെ തെരഞ്ഞെടുത്തത്. എം എന്‍ രജികുമാര്‍ മാളികപ്പുറം മേല്‍ശാന്തിയായി.
പന്തളം കൊട്ടാരത്തിലെ കൗശിക കെ.വര്‍മ്മയാണ് വി.കെ.ജയരാജിനെ നറുക്കെടുത്തത്. 2005- 2006 വര്‍ഷത്തില്‍ വി.കെ.ജയരാജ് മാളികപ്പുറം മേല്‍ശാന്തിയായിരുന്നു. എറണാകുളം അങ്കമാലി കിടങ്ങൂര്‍ സ്വദേശിയാണ് മൈലക്കോടത്ത് മനയ്ക്കല്‍ രജികുമാര്‍ എം എന്‍. മാളികപ്പുറം മേല്‍ശാന്തിയെ ഋഷികേശ് കെ.വര്‍മയാണ് നറുക്കെടുത്തത്. ശബരിമല മേല്‍ശാന്തിമാര്‍ക്കുള്ള അന്തിമപട്ടികയില്‍ ഒന്‍പതുപേരും മാളികപ്പുറം മേല്‍ശാന്തിമാര്‍ക്കുള്ള പട്ടികയില്‍ പത്തുപേരുമാണ് ഉണ്ടായിരുന്നത്.
ഏഴ് മാസക്കാലത്തെ ഇടവേളയ്ക്ക് ശേഷം തുലാമാസ പൂജകള്‍ക്കായി ശബരിമലയിലേക്ക് തീര്‍ത്ഥാടകരെ ഇന്ന് പ്രവേശിപ്പിച്ച് തുടങ്ങി. പ്രതിദിനം 250 പേര്‍ക്ക് മാത്രമാണ് പ്രവേശനം. 48 മണിക്കൂര്‍ മുമ്പ് പരിശോധിച്ച് കോവിഡ് നെഗറ്റീവാണെന്ന് വ്യക്തമാക്കുന്ന സര്‍ട്ടിഫിക്കറ്റുള്ളവരെ മാത്രമേ നിലവില്‍ കയറ്റിവിടൂ. ആരോഗ്യമുണ്ടെന്ന് വ്യക്തമാക്കുന്ന ഒരു മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും ഇതോടൊപ്പം വേണം.
Discussion about this post