കൊല്ലം: കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ കോവിഡ് സ്ഥിരീകരിച്ച ‘കൊറോണ’ പെണ്‍കുഞ്ഞിന് ജന്മം നല്കി. കൊല്ലം മതിലില്‍ ഗീതാമന്ദിരത്തില്‍ ജിനു സുരേഷിന്റെ ഭാര്യയുടെ പേരാണ് കൊറോണ. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.
24കാരിയായ കൊറോണയുടെ രണ്ടാമത്തെ കുഞ്ഞാണിത്. ഈ മാസം 10നാണ് കോവിഡ് സ്ഥിരീകരിച്ച കൊറോണയെ കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. ചെക്കപ്പിനായി ആശുപത്രിയില്‍ മുന്‍പും പോയിട്ടുള്ളതിനാല്‍ ഇവിടെ നിന്നാവും രോഗം പകര്‍ന്നതെന്നാണ് നിഗമനം. ഇന്ന് പുലര്‍ച്ചെ 2.30നായിരുന്നു പ്രസവം. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും ഭയപ്പെടാനൊന്നുമില്ലെന്നുമാണ് ആശുപത്രി അധികൃതര്‍ അറിയിച്ചിരിക്കുന്നത്.
കടവൂര്‍ മതിലില്‍ കാട്ടുവിള വീട്ടില്‍ ആര്‍ട്ടിസ്റ്റ് തോമസിന്റെ ഇരട്ടമക്കളാണ് കോറലും കൊറോണയും. മകന് പ്രകാശവലയം എന്ന അര്‍ത്ഥം വരുന്ന കോറല്‍ എന്ന് പേരിട്ടപ്പോള്‍ അതിനോട് സാമ്യം വരുന്ന ഒരു പേര് മകള്‍ക്കായി തെരഞ്ഞെടുക്കുകയായിരുന്നു തോമസ്. അങ്ങനെയാണ് കൊറോണ എന്ന പേര് നല്‍കിയത്.
തോമസിന്റെ ഭാര്യ ഷീബ നടത്തിയിരുന്ന ബ്യൂട്ടിപാര്‍ലറിന്റെ പേരും കൊറോണ എന്നാണ്. കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് അടച്ചിട്ടിരിക്കുകയാണ് ‘കൊറോണ’ ബ്യൂട്ടിപാര്‍ലര്‍. ഇപ്പോള്‍ വീട്ടിലാണ് ബ്യൂട്ടിപാര്‍ലര്‍ നടത്തുന്നത്.
Discussion about this post