ഇടുക്കി: ജോസ് കെ.മാണി വിഭാഗത്തിന്റെ മുന്നണിമാറ്റത്തിന് പിന്നാലെ ഇടുക്കി എം.എല്‍.എ റോഷി അഗസ്റ്റിന്റെ രാജി ആവശ്യപ്പെട്ട് ജില്ലയിലെ യുഡിഎഫ് നേതൃത്വം. യുഡിഎഫ് വോട്ടുകള്‍ നേടി ജയിച്ച റോഷി അഗസ്റ്റിന് എല്‍ഡിഎഫ് എംഎല്‍എ ആയി തുടരാന്‍ ധാര്‍മ്മിക അവകാശമില്ലെന്ന നിലപാടിലാണ് യുഡിഎഫ്. രാജിവെക്കാന്‍ തയ്യാറായില്ലെങ്കില്‍ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്ന് യുഡിഎഫ് വ്യക്തമാക്കി.
ജോസ് വിഭാഗം എത്തിയതോടെ തൊടുപുഴ, കട്ടപ്പന നഗരസഭകളിലും, ഇടുക്കി ബ്ലോക്ക് പഞ്ചായത്തിലും , ഇരട്ടയാര്‍, ബൈസണ്‍വാലി, കഞ്ഞിക്കുഴി, അറക്കുളം എന്നീ പഞ്ചായത്തുകളിലും എല്‍ഡിഎഫിന് മേല്‍ക്കൈ ആയി. തൊടുപുഴ , കട്ടപ്പന, നഗരസഭകളിലും ഇരട്ടയാര്‍, ബൈസണ്‍വാലി പഞ്ചായത്തുകളില്‍ കോണ്‍ഗ്രസിനാണ് അധ്യക്ഷ സ്ഥാനം. ഇടുക്കി ബ്ലോക്ക് പഞ്ചായത്തിലും അറക്കുളം, കഞ്ഞിക്കുഴി പഞ്ചായത്തുകളിലും പ്രസിഡന്റ് സ്ഥാനം ജോസ് വിഭാഗത്തിനാണ്. മുന്നണി മാറ്റത്തോടെ ഈ ഭരണസമിതികളുടെ ഭൂരിപക്ഷം പോകും. എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നിലവില്‍ ഭരണമാറ്റവും അവിശ്വാസവും ഉണ്ടാകില്ല.
യുഡിഎഫിന്റെ കുത്തക മണ്ഡലമായ ഇടുക്കിയില്‍ നിന്ന് തുടര്‍ച്ചയായി ജയിച്ച റോഷി അഗസ്റ്റിന്‍ ഇടതുമുന്നണിയിലേക്ക് പോയത് അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് യുഡിഎഫ് പറയുന്നത്. രാജിവെക്കില്ലെന്ന് റോഷി വ്യക്തമാക്കിയ സാഹചര്യത്തില്‍ പ്രക്ഷോഭ പരിപാടികളടക്കം സംഘടിപ്പിക്കുന്ന കാര്യം ആലോചനയിലാണെന്ന് യുഡിഎഫ് അറിയിച്ചു.
Discussion about this post