തൃശ്ശൂര്‍: ജ്ഞാനപീഠം ജേതാവ് മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരി അന്തരിച്ചു. 94 വയസ്സായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ 8.10 ഓടെയായിരുന്നു അന്ത്യം. സംസ്‌കാരം ഔദ്യോഗിക ബഹുമതികേളാടെ വൈകീട്ട് വീട്ടുവളപ്പില്‍ നടക്കും.
1926 മാര്‍ച്ച് 18ന് പാലക്കാട് ജില്ലയിലെ കുമരനല്ലൂരിലെ അമേറ്റൂര്‍ അക്കിത്തത്ത് മനയിലാണ് ജനനം. വാസുദേവന്‍ നമ്പൂതിരിയുടെയും ചേകൂര്‍ മനയ്ക്കല്‍ പാര്‍വ്വതി അന്തര്‍ജ്ജനത്തിന്റെയും മകനാണ്. പ്രശസ്ത ചിത്രകാരന്‍ അക്കിത്തം നാരായണന്‍ സഹോദരനാണ്. ഭാര്യ ശ്രീദേവി അന്തര്‍ജനം. മകന്‍ അക്കിത്തം വാസുദേവന്‍.
1946 മുതല്‍ മൂന്നു കൊല്ലം ഉണ്ണിനമ്പൂതിരിയുടെ പ്രസാധകനായിരുന്നു അക്കിത്തം. ഉണ്ണിനമ്പൂതിരിയിലൂടെ സമുദായ പ്രവര്‍ത്തനത്തിലേക്ക് ഇറങ്ങിയ അദ്ദേഹം മംഗളോദയം, യോഗക്ഷേമം എന്നിവയുടെ സഹ പത്രാധിപരായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1956 മുതല്‍ കോഴിക്കോട് ആകാശവാണി നിലയത്തില്‍ സ്‌ക്രിപ്റ്റ് എഴുത്തുകാരനായി പ്രവര്‍ത്തിച്ചു. 1975ല്‍ ആകാശവാണി തൃശ്ശൂര്‍ നിലയത്തില്‍ എഡിറ്ററായും ചുമതല വഹിച്ചിട്ടുണ്ട്. 1985ല്‍ ആകാശവാണിയില്‍ നിന്ന് വിരമിച്ചു.
2017ല്‍ പദ്മശ്രീ പുരസ്‌കാരത്തിനും 2012ല്‍ വയലാര്‍ പുരസ്‌കാരത്തിനും 2008ല്‍ എഴത്തച്ഛന്‍ പുരസ്‌കാരത്തിനും 1974ല്‍ ഓടക്കുഴല്‍ അവാര്‍ഡിനും 1972ലും 73ലും കേരള, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ക്കും അര്‍ഹനായി. 2019ല്‍ രാജ്യം അക്കിത്തത്തിന് ജ്ഞാനപീഠ പുരസ്‌കാരം നല്‍കി ആദരിച്ചു. കോവിഡ് വ്യാപനം മൂലം ലളിതമായി സംഘടിപ്പിച്ച ചടങ്ങില്‍ ജ്ഞാനപീഠ പുരസ്‌കാരം ഏറ്റുവാങ്ങി ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് അക്കിത്തത്തിന്റെ വിടവാങ്ങല്‍.
Discussion about this post