കോട്ടയം: ജോസ് കെ മാണിയുടെ വരവോടെ കോട്ടയത്ത് വലിയ മുന്നേറ്റത്തിന് സാധിക്കുമെന്ന പ്രതീക്ഷയാണ് സിപിഐഎമ്മിനുള്ളത്. തദ്ദേശ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് മധ്യകേരളത്തില്‍ ഇതിനുള്ള പ്രവര്‍ത്തനങ്ങളും സിപിഐഎം ശക്തമാക്കുകയാണ്. തദ്ദേശ തെരഞ്ഞെടുപ്പ് തന്നെയാണ് ജോസ് കെ.മാണിയുടെ ഇനിയുള്ള രാഷ്ട്രീയഭാവിയില്‍ നിര്‍ണായകമാകുന്നതും.
തദ്ദേശഭരണ സ്ഥാപനങ്ങളിലും അര്‍ഹമായ പ്രാതിനിധ്യം ഉറപ്പാക്കിയാണ് ജോസ് കെ.മാണി മുന്നണിമാറ്റം നടത്തിയിരിക്കുന്നത്. കോട്ടയത്തുള്‍പ്പെടെ കഴിഞ്ഞ തവണ മത്സരിച്ചതിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ ലഭിക്കുമെന്ന ഉറച്ച വിശ്വാസവും നേതൃത്വത്തിനുണ്ട്. കോട്ടയം ജില്ലയിലെ 71 പഞ്ചായത്തുകളില്‍ 1140 വാര്‍ഡുകളില്‍ 256 കേരള കോണ്‍ഗ്രസിനാണ്. കോണ്‍ഗ്രസിന് 311 വാര്‍ഡുകളും സിപിഐഎമ്മിന് 280 വാര്‍ഡുകളുമാണുള്ളത്. 22 പഞ്ചായത്തുകളുടെ ഭരണം ഇടതുപക്ഷത്തിന്റെ കയ്യിലാണ്. ജോസ് കെ.മാണിയുടെ വരവോടെ ജില്ലാ പഞ്ചായത്ത് ഭരണത്തിന് പുറമെ ഏതാനും നഗരസഭകളിലും ഭരണം ഉറപ്പാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് സിപിഐഎം.
അതേസമയം അണികളുടെയും ജനപ്രതിനിധികളുടെയും കൂറുമാറ്റം ജോസ് പക്ഷത്തിന് തലവേദനയാകുന്നുണ്ട്. മാത്രമല്ല ഇടതുമുന്നണി പ്രവേശനത്തോടെ കേരള കോണ്‍ഗ്രസ് വോട്ടുകള്‍ ഭിന്നിക്കാനും സാധ്യത കൂടുതലാണ്. അതിനിടെ ജോസ് കെ.മാണിയുടെ മുന്നണി മാറ്റത്തിലെ രാഷ്ട്രീയ നെറികേടാണ് യുഡിഎഫിന്റെ ആയുധം. ബാര്‍ക്കോഴ കേസിലെ സിപിഐഎം നിലപാട് തുറന്നുകാട്ടാനും യുഡിഎഫ് നീക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു.
Discussion about this post