തിരുവനന്തപുരം: എല്‍ഡിഎഫിലേക്ക് പോയ ജോസ് കെ മാണി ചെയ്തത് രാഷ്ട്രീയ വഞ്ചനയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എല്ലാ രാഷ്ട്രീയ മര്യാദകളും കാറ്റില്‍പ്പറത്തിക്കൊണ്ടാണ് ഇടതുമുന്നണി ഇന്ന് കഴിഞ്ഞതെല്ലാം മറന്ന് മാണിസാറിന്റെ പാര്‍ട്ടിയെ മുന്നണിയിലേക്ക് സ്വാഗതം ചെയ്യുന്നത്. മാണി സാര്‍ നിരപരാധിയാണെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് അദ്ദേഹത്തിനെതിരേ സമരം ചെയ്തതെന്ന് ഇടതുമുന്നണി കണ്‍വീനര്‍ പറഞ്ഞത് ഓര്‍ക്കേണ്ട കാര്യമാണ്. അവരോടാണ് രാഷ്ട്രീയ കൂട്ടുകെട്ടുണ്ടാക്കാന്‍ ജോസ് കെ മാണിയും കൂട്ടരും തീരുമാനിച്ചിരിക്കുന്നത്. മാണിസാറിന്റെ ആത്മാവ് ഇത് പൊറുക്കില്ല. ഇത് രാഷ്ട്രീയമായ വഞ്ചനയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കേരള കോണ്‍ഗ്രസ് വികാരം നെഞ്ചിലേറ്റുന്ന ഒരാള്‍ക്ക് പോലും ഇത് അംഗീകരിക്കാന്‍ കഴിയില്ല. കേരള കോണ്‍ഗ്രസിനെ സ്നേഹിക്കുകയും ഒപ്പം നില്‍ക്കുകയും ചെയ്ത ജനവിഭാഗങ്ങള്‍ ഇത് അംഗീകരിക്കില്ലെന്ന് ഉറപ്പുണ്ടെന്നും ചെന്നിത്തല പറഞ്ഞു.
എന്നും യു ഡി എഫിന്റെ ഭാഗമായി നിന്നുകൊണ്ടാണ് കെ എം മാണി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയത്. അദ്ദേഹത്തെ കള്ളനെന്ന് വിളിച്ച് അപമാനിക്കുകയും ബജറ്റ് വിറ്റ് കാശാക്കുന്നു എന്ന് ആരോപണം ഉന്നയിക്കുകയും വീട്ടില്‍ നോട്ട് എണ്ണല്‍ യന്ത്രം ഉണ്ടെന്ന് ആരോപിക്കുകയും തോജോവധം ചെയ്യുകയും അവഹേളിക്കുകയും ചെയ്തവരാണ് എല്‍ഡിഎഫുകാര്‍. ആ എല്‍ഡിഎഫിലേക്കാണ് ജോസ് കെ മാണിയും കൂട്ടരും പോകുന്നത് എന്നത് കേരള കോണ്‍ഗ്രസ് വികാരം നെഞ്ചിലേറ്റുന്ന ഒരാള്‍ക്ക് പോലും അംഗീകരിക്കാന്‍ കഴിയില്ലെന്നും ചെന്നിത്തല പറഞ്ഞു.
Discussion about this post