കോട്ടയം: കേരള കോണ്‍ഗ്രസ് എം ഇനി ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കൊപ്പം ചേരുന്നുവെന്ന് ഔദ്യോഗിക നിലപാട് പ്രഖ്യാപിച്ച് ജോസ് കെ മാണി. രാജ്യസഭാ എംപി സ്ഥാനം രാജിവെക്കുമെന്ന് ജോസ്.കെ.മാണി പറഞ്ഞു. ധാര്‍മ്മികത ഉയര്‍ത്തിപ്പിടിച്ചാണ് രാജിവെക്കുന്നതെന്നും ജോസ് കെ.മാണി വ്യക്തമാക്കി.
38 വര്‍ഷത്തിന് ശേഷമാണ് മുന്നണി മാറ്റം നടക്കുന്നത്. ഇടതുമുന്നണി പ്രവേശനം സംബന്ധിച്ച പ്രഖ്യാപന വേളയില്‍ വലിയ രീതിയിലുള്ള വിമര്‍ശനമാണ് ജോസ് കെ.മാണി യുഡിഎഫിനെതിരെ ഉന്നയിച്ചത്. മാണിയുടെ രാഷ്ട്രീയത്തെയും ഒപ്പം നിന്നവരെയും യുഡിഎഫ് അപമാനിച്ചു. യുഡിഎഫ് പുറത്താക്കിയ ശേഷം സ്വതന്ത്രനിലപാടാണ് സ്വീകരിച്ചതെന്നും ജോസ്.കെ.മാണി പറഞ്ഞു. പുറത്താക്കിയ ശേഷം എംഎല്‍എമാരെ പോലും ചര്‍ച്ചയ്ക്ക് വിളിച്ചില്ല. കോണ്‍ഗ്രസിലെ ചിലരില്‍ നിന്ന് കേരള കോണ്‍ഗ്രസ് കടുത്ത അനീതി നേരിട്ടു. പാര്‍ട്ടിയെ പിടിച്ചടക്കാന്‍ ജോസഫിന് മൗനമായ പിന്തുണ നല്‍കി. പി.ജെ.ജോസഫ് നീചമായ വ്യക്തിഹത്യ നടത്തിയെന്നും ജോസ്.കെമാണി ആരോപിച്ചു.
പാലായില്‍ ചേര്‍ന്ന ജോസ് കെ മാണി വിഭാഗം സംസ്ഥാന നേതാക്കളുടെ യോഗത്തിന് ശേഷം ജോസും നേതാക്കളും കെ.എം.മാണിയുടെ കല്ലറയിലെത്തി പ്രാര്‍ത്ഥന നടത്തിയ ശേഷമാണ് വാര്‍ത്താസമ്മേളനത്തിന് എത്തിയത്.
Discussion about this post