കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഇടപാടുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണത്തിന് ഹൈക്കോടതിയുടെ ഇടക്കാല സ്‌റ്റേ. രണ്ട് മാസത്തേക്കാണ് സ്റ്റേ. ജസ്റ്റിസ് വി ജി അരുണിന്റെ സിംഗിള്‍ ബഞ്ചിന്റേതാണ് വിധി. സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി പരിഗണിച്ചാണ് തീരുമാനം. എന്നാല്‍ സന്തോഷ് ഈപ്പനെതിരായ അന്വേഷണവുമായി മുന്നോട്ട് പോകാമെന്നും കോടതി വ്യക്തമാക്കി. സ്വപ്‌ന അടക്കമുള്ള പ്രതികളുമായി ബന്ധപ്പെട്ട അന്വേഷണവും തുടരാനാകും.
ലൈഫ് പദ്ധതിക്കായി കേന്ദ്ര സര്‍ക്കാര്‍ ചട്ടങ്ങള്‍ ലംഘിച്ച് വിദേശ സഹായം സ്വകരിച്ചു എന്ന കുറ്റം ചുമത്തിയാണ് സിബിഐ കേസെടുത്തത്. ലൈഫ് മിഷനേയും കരാറുകാരായ യൂണിടാക്കിനേയും പ്രതിചേര്‍ത്തുളള അന്വേഷണം തന്നെ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ച് ഉത്തരവ്. എഫ്.സി.ആര്‍.എയുടെ പരിധിയില്‍ വരില്ല എന്ന സര്‍ക്കാര്‍ വാദം ഹൈക്കോടതി അംഗീകരിച്ചില്ല. ഇക്കാര്യത്തില്‍ വിശദമായ വാദം കേള്‍ക്കണമെന്ന് കോടതി പറഞ്ഞു. എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യം ഹൈക്കോടതി തള്ളുകയും ചെയ്തിട്ടണ്ട്.
വിദേശ വിനിമയ നിയന്ത്രണ ചട്ടത്തിന്റെ ലംഘനം നിലനിന്നേക്കില്ലെന്ന വിലയിരുത്തലിലാണ് സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ പദ്ധതിക്കെതിരെ സിബിഐ അന്വേഷണത്തിന് ഹൈക്കോടതി സ്റ്റേ അനുവദിച്ചത്. എന്നാല്‍ യുണിടാക്കുമായി ബന്ധപ്പെട്ടും സന്തോഷ് ഈപ്പനെതിരെയും ഉള്ള ആരോപണങ്ങളില്‍ അന്വേഷണം തുടരാമെന്നാണ് പറയുന്നത്.
ലൈഫ് മിഷന്‍ ക്രമക്കേടില്‍ അഴിമതി നടന്നെന്ന് സിബിഐ ഹൈക്കോടതിയില്‍ വാദിച്ചിരുന്നു. യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍ സ്വപ്ന സുരേഷിന് കമ്മീഷനായി നല്‍കിയ പണവും ഐഫോണും കൈക്കൂലിയായി കണക്കാക്കണമെന്നും സിബിഐ അറിയിച്ചിരുന്നു.
അതിനിടെ ലൈഫ് മിഷന്റെ ഹര്‍ജിയെ ചോദ്യം ചെയ്ത് ആലപ്പുഴ സ്വദേശി മൈക്കിള്‍ വര്‍ഗീസ് എന്ന മാധ്യമപ്രവര്‍ത്തകനും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
Discussion about this post