ചെന്നൈ: നടി ഖുശ്ബു സുന്ദര്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചു. എഐസിസി ദേശീയ വക്താവ് സ്ഥാനത്ത് നിന്ന് കോണ്‍ഗ്രസ് ഖുശ്ബുവിനെ നീക്കിയതിന് പിന്നാലെയാണ് രാജി. ഖുശ്ബു ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന അഭ്യൂഹം ഉയര്‍ന്നതിന് പിന്നാലെയാണ് ഇവരെ പാര്‍ട്ടി പദവിയില്‍ നിന്ന് പുറത്താക്കിക്കൊണ്ടുള്ള വാര്‍ത്താക്കുറിപ്പ് എഐസിസി പുറത്തുവിട്ടത്.
എഐസിസിക്ക് വേണ്ടി കമ്മ്യൂണിക്കേഷന്‍സ് സെക്രട്ടറി പ്രണവ് ഝായാണ് വാര്‍ത്താക്കുറിപ്പിലൂടെ ഈ വിവരം അറിയിച്ചത്.എന്നാല്‍ ഇതിന് മുമ്പേ തന്നെ ഖുശ്ബു പാര്‍ട്ടി വിടുന്നതായി കാട്ടി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് കത്ത് നല്കി. പാര്‍ട്ടിയുമായി യോജിച്ച് പോകാനാകില്ലെന്ന് കാട്ടിയാണ് രാജിക്കത്ത്.
നിലവില്‍ ഡല്‍ഹിയിലുള്ള ഖുശ്ബു ഇന്ന് ബിജെപിയില്‍ ചേര്‍ന്നേക്കുമെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡയില്‍ നിന്നാകും ഖുശ്ബു പാര്‍ട്ടി അംഗത്വം സ്വീകരിക്കുകയെന്നാണ് സൂചന.
അടുത്തിടെയായി കോണ്‍ഗ്രസ് തമിഴ്നാട് ഘടകവുമായി ഖുശ്ബു അകന്ന് കഴിയുകയായിരുന്നു.പാര്‍ട്ടിയില്‍ അര്‍ഹമായ പരിഗണനയോ സ്ഥാനമാനങ്ങളോ കിട്ടുന്നില്ലെന്ന് ഖുശ്ബുവിന് കടുത്ത പരാതിയുണ്ടായിരുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് കിട്ടിയില്ല എന്നതിലും ഖുശ്ബുവിന് കടുത്ത അതൃപ്തിയുണ്ടായിരുന്നതായാണ് സൂചന. അടുത്ത വര്‍ഷം തമിഴ്നാട്ടില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഖുശ്ബുവിന്റെ പുതിയ നീക്കം.
Discussion about this post