തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ കാര്യത്തിലും അതുമൂലമുള്ള മരണനിരക്കിലും ഒക്ടോബര്‍, നവംബര്‍ മാസങ്ങള്‍ കേരളത്തിന് ഏറ്റവും നിര്‍ണായകമായിരിക്കും. പതിനായിരത്തിനു മുകളില്‍ ഒരു ദിവസം കോവിഡ് റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യമാണിപ്പോള്‍. ടെസ്റ്റുകളുടെ എണ്ണം കൂട്ടിയിട്ടും ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 10 ശതമാനത്തിനു മുകളില്‍ നില്‍ക്കുന്നത് കേസുകളുടെ എണ്ണം ഇനിയും ഉയരുമെന്ന് തന്നെയാണ് സൂചിപ്പിക്കുന്നത്.
അതേസമയം കഴിഞ്ഞ 8 മാസങ്ങളായി വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ ക്ഷീണിതരാണെന്നും പൊതുജന പിന്തുണ അവര്‍ക്ക് ഏറ്റവും ആവശ്യമുള്ള ഘട്ടമാണിതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അതു പരിപൂര്‍ണമായും അവര്‍ക്കു നല്‍കുന്നതിനു നാം തയ്യാറാകണം. അവരുടെ നിര്‍ദ്ദേശങ്ങള്‍ അക്ഷരംപ്രതി പാലിക്കാനും രോഗവ്യാപനം തടയുന്നതിന് ഒത്തൊരുമിച്ചു നില്‍ക്കാനുമുള്ള സന്നദ്ധത എല്ലാവരും കാണിക്കണം.ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പിന്തുണ നല്‍കുന്നതിനായാണ് കോവിഡ് ബ്രിഗേഡ് രൂപീകരിച്ചത്. അതിന്റെ ഭാഗമായി 18,957 പേര്‍ രജിസ്റ്റര്‍ ചെയ്തു. അവരില്‍ 9,325 പേര്‍ മെഡിക്കല്‍ വിഭാഗത്തില്‍ പെട്ടവരാണ്. 543 പേര്‍ എംബിബിഎസ് ഡോക്ടര്‍മാരുമാണ്. ഈ ഘട്ടത്തില്‍ നമുക്ക് കൂടുതല്‍ ഡോക്ടര്‍മാരുടെ സേവനം അത്യാവശ്യമായി വന്നിരിക്കുന്നു. അത് മനസ്സിലാക്കി കൂടുതല്‍ ഡോക്ടര്‍മാര്‍ കോവിഡ് ബ്രിഗേഡില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.പരമാവധി ആരോഗ്യ വിദഗ്ധരും സന്നദ്ധ പ്രവര്‍ത്തകരും കോവിഡ് ബ്രിഗേഡിന്റെ ഭാഗമാകാന്‍ മുന്നോട്ടു വരണമെന്ന് അദ്ദേഹം പറഞ്ഞു. രോഗവ്യാപനം തടയാന്‍ നടപടികള്‍ ജനങ്ങള്‍ ഏറ്റെടുക്കേണ്ടതുണ്ട്. പല പ്രദേശങ്ങളിലും പ്രഖ്യാപിച്ച നിയന്ത്രണങ്ങളോട് പൂര്‍ണ്ണമായും സഹകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം കേരളത്തിന് തൊട്ടടുത്തുള്ള സംസ്ഥാനങ്ങളിലും കോവിഡ് വ്യാപനം രൂക്ഷമാണ്. കര്‍ണ്ണാടകത്തില്‍ 6,66,000 കേസുകളും തമിഴ്നാട്ടില്‍ 6,35,000 കേസുകളും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തു കഴിഞ്ഞു. രണ്ടു സംസ്ഥാനങ്ങളിലും മരണസംഖ്യ പതിനായിരത്തോട് അടുക്കുകയാണ്. കര്‍ണ്ണാടകയുടെ ജനസാന്ദ്രത 319 ഉം തമിഴ്നാടിന്റെ ജനസാന്ദ്രത 555ഉം ആണെങ്കില്‍ കേരളത്തിന്റെ ജനസാന്ദ്രത 859 ആണ്. രോഗവ്യാപനം അതിന്റെ ഉച്ചസ്ഥായില്‍ എത്തിക്കുന്നത് വൈകിപ്പിക്കാന്‍ ഇതുവരെ കേരളത്തിന് സാധിച്ചെങ്കിലും നിലവിലെ സാഹചര്യത്തില്‍ വരാനിരിക്കുന്നത് ഏറ്റവും നിര്‍ണായക ഘട്ടമാണ്.
Discussion about this post