പത്തനംതിട്ട: ശബരിമലയില്‍ തുലാമാസപൂജയ്ക്ക് ദിവസേന പരമാവധി 250 പേരെ വീതം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രവേശിപ്പിക്കും. വിര്‍ച്വല്‍ ക്യൂവില്‍ രജിസ്റ്റര്‍ ചെയ്യുന്ന ആദ്യ 250 പേര്‍ക്കായിരിക്കും ഓരോ ദിവസവും പ്രവേശനം അനുവദിക്കുക. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് മാത്രമേ പ്രവേശനം നല്‍കൂ. 48 മണിക്കൂറിനുള്ളില്‍ എടുത്ത സര്‍ട്ടിഫിക്കറ്റായിരിക്കണം. 48 മണിക്കൂറിനുള്ളിലുള്ള സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത തീര്‍ത്ഥാടകര്‍ക്ക് നിലയ്ക്കലില്‍ സബ്സിഡി നിരക്കില്‍ കോവിഡ് പരിശോധനയ്ക്ക് സൗകര്യമൊരുക്കും.
ശബരിമലയിലേക്കുള്ള യാത്രാമധ്യേ പരിശോധനാ സൗകര്യമുള്ള ആരോഗ്യകേന്ദ്രങ്ങളിലും തീര്‍ഥാടകര്‍ക്ക് പരിശോധനയ്ക്ക് സൗകര്യമൊരുക്കും.മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വരുന്നവര്‍ കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം. തീര്‍ഥാടകരില്‍ ബി.പി.എല്‍. വിഭാഗത്തിലുള്ളവര്‍ ആയുഷ്മാന്‍ ഭാരത് കാര്‍ഡ് കൂടി കരുതിയാല്‍, കോവിഡ് പരിശോധനയ്ക്കും, ചികിത്സയ്ക്കും സൗജന്യം ലഭ്യമാകും.നിലയ്ക്കലില്‍ തന്നെ ബേസ് ക്യാമ്പ് തുടരാനാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലെ ധാരണയായത്. ശബരിമലയിലേക്ക് സ്വാമി അയ്യപ്പന്‍ റോഡ് വഴിയാകും മലകയറാനും ഇറങ്ങാനും സൗകര്യമൊരുക്കുക. അന്നദാനത്തിന് പേപ്പര്‍ പ്ലേറ്റുകളാകും ഉപയോഗിക്കുക. കുടിവെള്ളത്തിന് സ്റ്റീല്‍ ബോട്ടിലുകള്‍ 100 രൂപ നിരക്കില്‍ നല്‍കുകയും, കുപ്പി തിരികെ ഏല്‍പ്പിക്കുമ്പോള്‍ പണം മടക്കി നല്‍കുകയും ചെയ്യും.
ശബരിമല തീര്‍ഥാടന സമയത്ത് സേവനത്തിനും ചികിത്സയ്ക്കുമായി സന്നദ്ധപ്രവര്‍ത്തനത്തിന് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് അവസരം നല്‍കും. തീര്‍ഥാടനകാലത്ത് സേവന സന്നദ്ധരായ ഡോക്ടര്‍മാര്‍ക്കും പാരാമെഡിക്കല്‍ ജീവനക്കാര്‍ക്കും വേണ്ട സൗകര്യമൊരുക്കും. തിരിച്ചറിയല്‍ കാര്‍ഡുള്ള ജീവനക്കാര്‍ക്കും ശുചീകരണ പ്രവര്‍ത്തകര്‍ക്കും വിര്‍ച്വല്‍ ക്യൂവിലല്ലാതെ മല കയറാന്‍ സൗകര്യമൊരുക്കും.തുലാമാസ പൂജയ്ക്കും മണ്ഡല-മകരവിളക്ക് കാലത്തും പമ്പാസ്‌നാനം അനുവദിക്കില്ല. പകരം ഷവറുകള്‍ സ്ഥാപിക്കാന്‍ തീരുമാനമായി. ഷവറുകള്‍ ഇറിഗേഷന്‍ വകുപ്പ് സ്ഥാപിക്കും. ഇതിനായി ജലം വാട്ടര്‍ അതോറിറ്റി ലഭ്യമാക്കും.
മലിനജലം സംസ്‌കരിക്കുന്നതിന് സംവിധാനമുണ്ടാകും. നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്കുള്ള റോഡ് ഗതാഗതയോഗ്യമാക്കാന്‍ നടപടി ഉടന്‍ സ്വീകരിക്കും.
Discussion about this post