തിരുവനന്തപുരം: സംസ്ഥാനത്തെ അതിഥി തൊഴിലാളികള്‍ക്ക് വൃത്തിയുള്ളതും സുരക്ഷിതവുമായ താമസ സൗകര്യം ഉറപ്പാക്കാന്‍ ഗസ്റ്റ് വര്‍ക്കര്‍ ഫ്രണ്ട്ലി റസിഡന്‍സ് ഇന്‍ കേരള പദ്ധതിയുമായി സര്‍ക്കാര്‍. അതിഥി തൊഴിലാളികള്‍ക്ക് മിതമായ നിരക്കില്‍ വാടകയ്ക്ക് താമസിക്കാന്‍ കെട്ടിടങ്ങളൊരുക്കുന്നതാണ് പദ്ധതി.
പൂര്‍ണ്ണമായും വെബ് അധിഷ്ഠിതമായ പദ്ധതിയാണ് തൊഴില്‍ വകുപ്പ് നടപ്പാക്കുന്നത്. സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി പദ്ധതി ആരംഭിക്കാനാണ് തീരുമാനം. ഇതര സംസ്ഥാന തൊഴിലാളി നിയമത്തിന്റെ വ്യവസ്ഥകള്‍ക്കനുസൃതമായി 6.5 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള ഫ്ളോര്‍ ഏരിയയും അടുക്കളയും പൊതു ടൊയിലറ്റും വരാന്തയും ഉള്ള കെട്ടിടങ്ങള്‍ തൊഴിലാളികള്‍ക്ക് ലഭിക്കും. ഇന്‍ഡോര്‍ കായിക വിനോദങ്ങള്‍ക്കുള്ള സ്ഥലം ഉള്‍ക്കൊള്ളുന്ന കെട്ടിടങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്. കുടുംബമായി താമസിക്കുന്നവര്‍ക്ക് അതിനു സൗകര്യമുള്ള കെട്ടിടങ്ങളുമുണ്ടാകും.
ആദ്യഘട്ടത്തില്‍ കോട്ടയം ജില്ലയിലെ പായിപ്പാട്, എറണാകുളം ജില്ലയിലെ ബംഗ്ലാദേശ് കോളനി, പാലക്കാട് ജില്ലയിലെ പട്ടാമ്പി എന്നിവിടങ്ങളിലാണ് പദ്ധതി നടപ്പാക്കുക.ലേബര്‍ കമ്മീഷണറേറ്റിന്റെ നിയന്ത്രണത്തില്‍ വാടക കെട്ടിട ഉടമകളുടെയും തദ്ദേശഭരണ സ്ഥാപനങ്ങളുടേയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ മുഖേന കെട്ടിട ഉടമകളുടെ പൂര്‍ണ്ണ വിവരം ശേഖരിച്ച് ഓണ്‍ലൈനായി അപേക്ഷ സ്വീകരിക്കും. തൊഴില്‍ വകുപ്പിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്ന വാടക കെട്ടിടങ്ങളുടെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തൊഴിലാളികള്‍ക്ക് അനുയോജ്യമായവ തെരഞ്ഞെടുക്കാം. കെട്ടിടത്തിന്റെ വാടക നിരക്ക് പിന്നീട് തീരുമാനിക്കും. ആര്‍.ഡി.ഒ. ചെയര്‍മാനും ജില്ലാ ലേബര്‍ ഓഫീസര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എന്നിവര്‍ അംഗങ്ങളുമായ മോണിറ്ററിംഗ് കമ്മിറ്റി പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും. ഒന്നാംഘട്ട പ്രവര്‍ത്തനം വിലയിരുത്തി പദ്ധതി സംസ്ഥാനത്താകെ വ്യാപിപ്പിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.
Discussion about this post