കൊല്ലം: കൊല്ലം സിറ്റി പോലീസ് പരിധിയില്‍ കോവിഡ് വ്യാപനം ക്രമാതീതമായി വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തില്‍ കൂടുതല്‍ ശക്തമായ നടപടികളുമായി സിറ്റി പോലീസ്. തീരദേശ മേഖലയിലടക്കം വിവിധ വാണിജ്യ വ്യാപാര സ്ഥാപനങ്ങള്‍, വിവാഹ ചടങ്ങുകള്‍, മരണ വീടുകള്‍ മറ്റ് സ്വകാര്യ ചടങ്ങുകള്‍ എന്നിവയില്‍ ആരോഗ്യവകുപ്പ് നിഷ്കര്‍ഷിച്ചിട്ടുളള മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി നിയമ ലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ നാരായണന്. റ്റി ഐ.പി.എസ് അറിയിച്ചു.
ആള്‍ക്കൂട്ടം പരമാവധി ഒഴിവാക്കുന്നതിന് പൊതു സമൂഹം പോലീസിനോട് സഹകരിക്കേണ്ടതാണെന്ന് നിര്‍ദ്ദേശിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് കഴിഞ്ഞ ഒരാഴ്ചയ്ക്കിടയില് 1605 കേസുകളാണ് എടുത്തത്. മാസ്ക് ധരിക്കാതിരുന്നതിന് 2522 പേര്‍ക്കെതിരേയും നടപടി സ്വീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലും ഇത്തരത്തില്‍ കേസുകള്‍ പെരുകുന്നത് നിരാശാജനകവും ആശങ്കപ്പെടുത്തുന്നതുമാണെന്നും സിറ്റി പോലീസ് കമ്മീഷണര്‍ പറഞ്ഞു.
ഇക്കഴിഞ്ഞ ദിവസങ്ങളില്‍ സിറ്റി പോലീസ് പരിധിയില്‍ വിവാഹം, മരണാനന്തര ചടങ്ങുകള്‍, വീട് പാല് കാച്ചല് തുടങ്ങിയവയില്‍ സംബന്ധിച്ച ആളുകള്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇത്തരം ചടങ്ങുകള്‍ക്ക് മാനദണ്ഡങ്ങള്‍ക്ക് വിധേയമായി മാത്രം ആളുകളെ പങ്കെടുപ്പിക്കുവാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കേണ്ടതാണെന്നും കമ്മീഷണര്‍ നിര്‍ദേശിച്ചു. വരും ദിവസങ്ങളില്‍ ഇക്കാര്യങ്ങളില്‍ ഏതെങ്കിലും തരത്തിലുള്ള നിയമ ലംഘനങ്ങള്‍ ഉണ്ടായാല്‍ പോലീസിന്റെ ഭാഗത്ത് നിന്നും കര്‍ശന നടപടികള്‍ ഉണ്ടാകുമെന്നും സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു.
Discussion about this post