കൊല്ലം: ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന കോളനികളില്‍ കോവിഡ് രോഗബാധ സ്ഥിരീകരിച്ചാല്‍ കോളനി റെഡ് സോണായി പ്രഖ്യാപിച്ച് പ്രത്യേക കര്‍മ്മ പരിപാടി നടത്തുമെന്ന് കൊല്ലം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആര്‍ ശ്രീലത അറിയിച്ചു. കോളനികളിലെ വീടുകളില്‍ കഴിയുന്ന എല്ലാവരും എപ്പോഴും മാസ്‌ക് ധരിക്കണം. രോഗബാധയുണ്ടായാല്‍ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുന്നവര്‍ ആന്റിജന്‍ ടെസ്റ്റ് നടത്തണം. പ്രദേശത്തെ വീടുകളിലെ കുട്ടികളെയും പ്രായമായവരെയും ഗര്‍ഭിണികളെയും റിവേഴ്സ് ക്വാറന്റയിന്‍ സെന്ററിലേക്ക് മാറ്റിപാര്‍പ്പിക്കും. സാമൂഹിക അകലം പരമാവധി പാലിച്ചും മുന്‍കരുതല്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണതോതില്‍ നടപ്പാക്കിയും രോഗവ്യാപനം തടയുന്നതിനുള്ള പ്രവര്‍ത്തനങ്ങളോട് എല്ലാവരും സഹകരിക്കണമെന്നും ഡി എം ഒ അഭ്യര്‍ത്ഥിച്ചു.
കോവിഡ് സ്ഥിരീകരിച്ച് വീടുകളില്‍ ചികിത്സയിലുള്ളവര്‍ക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായാല്‍ പ്രത്യേക നിരീക്ഷണവും ചികിത്സയും നല്‍കുന്നതിന് കൊല്ലത്ത് കേന്ദ്രം സജ്ജീകരിച്ചു. ആശ്രാമം ന്യൂ ഹോക്കി സ്റ്റേഡിയത്തിലെ ഫസ്റ്റ് ചികിത്സാ കേന്ദ്രത്തോടനുബന്ധിച്ചാണിത്. അത്യാഹിത ചികിത്സാ സൗകര്യങ്ങളോടു കൂടിയ 10 ബെഡുകള്‍ അടങ്ങിയ സെന്ററാണ് ക്രമീകരിച്ചിട്ടുള്ളത്. സംസ്ഥാനത്ത് ഇത്തരം സൗകര്യം ഒരുക്കുന്ന ആദ്യത്തെ ജില്ലയാണ് കൊല്ലമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആര്‍ ശ്രീലത അറിയിച്ചു.
വീടുകളില്‍ കഴിയുന്ന രോഗികള്‍ക്ക് ടെലി കണ്‍സള്‍ട്ടിംഗില്‍ ഡോക്ടറെ നേരില്‍ കാണേണ്ടതുണ്ടെങ്കില്‍ ഇതിനായി എല്ലാ താലൂക്ക് ആശുപത്രികളിലും കോവിഡ് കോര്‍ണറുകളും സജ്ജമാണ്.
Discussion about this post