കൊല്ലം: ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റി ഒക്ടോബര്‍ രണ്ടിന് കൊല്ലത്ത് യാഥാര്‍ത്ഥ്യമാകുന്നു. ബൈപാസ് റോഡില്‍ തൃക്കടവൂര്‍ വില്ലേജിലെ ചൂരവിള കെട്ടിട സമുച്ചയമാണ് യൂണിവേഴ്സിറ്റിയുടെ താത്കാലിക ആസ്ഥാനം. എല്ലാ സൗകര്യങ്ങളോടും കൂടിയ ക്ലാസ്സ് റൂമുകള്‍, ഓഫീസ് സംവിധാനങ്ങള്‍, ഓഡിറ്റോറിയം, പാര്‍ക്കിംഗ് എന്നിവ ഇവിടെയുണ്ട്.
ഒക്ടോബര്‍ രണ്ട് ഗാന്ധിജയന്തി ദിനത്തില്‍ ആരംഭിക്കുന്ന ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വ്വകലാശാലയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഓണ്‍ലൈന്‍ യോഗത്തില്‍ സ്വഗതസംഘം രൂപീകരിച്ചു. എം മുകേഷ് എം എല്‍ എ ചെയര്‍മാനും മന്ത്രിമാരായ കെ രാജുവും ജെ മേഴ്‌സിക്കുട്ടിയമ്മയും രക്ഷാധികാരികളും ജില്ലാ കളക്ടര്‍ കണ്‍വീനറും ജില്ലയിലെ മറ്റ് എം പി മാര്‍, എം എല്‍ എ മാര്‍ എന്നിവര്‍ ഉപരക്ഷാധികാരികളുമായാണ് സ്വാഗതസംഘം രൂപീകരിച്ചത്. പരിധികളില്ലാത്ത അറിവിന്റെ വാതായനങ്ങള്‍ തുറക്കുന്ന മഹത്തായ തുടക്കമാണിതെന്ന് യോഗത്തില്‍ പങ്കെടുത്ത ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. സര്‍വകലാശാലയുടെ ഉദ്ഘാടനത്തിനും തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കും കക്ഷി-രാഷ്ട്രീയ, വിഭാഗീയ ചിന്തകള്‍ക്കതീതമായ സഹകരണം ആവശ്യമാണെന്ന് വനം വകുപ്പ് മന്ത്രി കെ രാജു പറഞ്ഞു. എം പി മാരായ കെ സോമപ്രസാദ്, എ എം ആരിഫ്, എം എല്‍ എമാരായ എം മുകേഷ്, എം നൗഷാദ് എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
പരമാവധി 100 പേരെ ഉള്‍ക്കൊള്ളിച്ച് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും ഉദ്ഘാടന ചടങ്ങുകള്‍ സംഘടിപ്പിക്കുകയെന്ന് ജില്ലാ കളക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു. ഉദ്ഘാടന ചടങ്ങുകള്‍ നഗരത്തിന്റെ പ്രധാന ഭാഗങ്ങളില്‍ സ്‌ക്രീനുകളിലൂടെ പ്രദര്‍ശിപ്പിക്കുമെന്നും സമൂഹ മാധ്യമങ്ങളിലൂടെ ജില്ലയ്ക്കകത്തും പുറത്തും പ്രചരണ പരിപാടികള്‍ വിപുലപ്പെടുത്തുമെന്നും കളക്ടര്‍ പറഞ്ഞു.
Discussion about this post