കൊല്ലം: കൊല്ലം ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിക്കുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ സ്വന്തം വീടുകളുടെ സുരക്ഷയില്‍ ഗൃഹചികിത്സയ്ക്ക് സന്നദ്ധരാകുന്നവര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങളായി. രോഗലക്ഷണങ്ങള്‍ ഇല്ലാത്തവര്‍, പനി, ചുമ, തൊണ്ടവേദന തുടങ്ങി ചെറിയ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവര്‍, ആശുപത്രിയില്‍ നിന്നും രോഗലക്ഷണങ്ങള്‍ ശമിച്ച് തിരികെയെത്തുന്നവര്‍ എന്നിവര്‍ക്കാണ് ഗൃഹചികിത്സ. ലോകാരോഗ്യ സംഘടന നിഷ്‌ക്കര്‍ഷിക്കുന്ന മാനദണ്ഡങ്ങള്‍ക്കനുസരിച്ചാണ് മാര്‍ഗനിര്‍ദേശങ്ങള്‍ പരിഷ്‌കരിച്ചത്.
കോവിഡ് സ്ഥിരീകരിച്ചവരും കുടുംബാംഗങ്ങളും വീട്ടിനുള്ളില്‍ നിര്‍ബന്ധമായും ട്രിപ്പിള്‍ ലെയര്‍ മാസ്‌ക് ധരിക്കണം. ഗൃഹചികിത്സയ്ക്ക് വീടുകളില്‍ എല്ലാ മുറികളിലും ശുചിമുറി സൗകര്യം ഉണ്ടാകണമെന്നില്ല. പോസിറ്റീവായവര്‍ക്ക് പ്രത്യേക മുറി ഉണ്ടായാല്‍ മതിയാകും. പൊതുവായ ശുചിമുറി ഉപയോഗിക്കുമ്പോള്‍ വീട്ടിലെ രോഗബാധിതരല്ലാത്തവര്‍ ആദ്യം ശുചിമുറി ഉപയോഗിക്കുകയും ഒരു ശതമാനം വീര്യമുള്ള ബ്ലീച്ചിങ് ലായനി ഉപയോഗിച്ച് ശുചിമുറി ഓരോ തവണയും കഴുകി വൃത്തിയാക്കുകയും വേണം. രോഗി ശുചിമുറി ഉപയോഗിക്കുന്നതിനു മുന്‍പും ശേഷവും ഒരു ശതമാനം വീര്യമുള്ള ബ്ലീച്ചിംഗ് ലായനി ഉപയോഗിച്ച് വൃത്തിയാക്കണം.രോഗി ഉപയോഗിച്ച വസ്ത്രങ്ങള്‍ ഒരുമിച്ച് സൂക്ഷിച്ച് വയ്ക്കുകയും സൗകര്യപ്രദമായ സമയത്ത് (ഒന്നോ രണ്ടോ ദിവസത്തിലൊരിക്കല്‍) അണുനാശിനി(ഡെറ്റോള്‍/ബ്ലീച്ച് ലായനി)യില്‍ മുക്കിവച്ച ശേഷം സോപ്പും വെള്ളവുമുപയോഗിച്ച് സ്വയം അലക്കണം. തുണികള്‍ വെയിലത്തുണങ്ങുന്നതിനായി ചുമതലയുള്ള കുടുംബാംഗത്തിന് കൈമാറണം.വസ്ത്രങ്ങള്‍ നന്നായി ഉണങ്ങിയതിനുശേഷം ഇസ്തിരിയിട്ട് വീണ്ടും ഉപയോഗിക്കുന്നതിനായി കൈമാറാം.
രോഗി ഉപയോഗിച്ച വസ്ത്രങ്ങള്‍, പാത്രങ്ങള്‍, ഗ്ലാസ് എന്നിവ യാതൊരു കാരണവശാലും മറ്റുള്ളവര്‍ ഉപയോഗിക്കരുത്. രോഗി ഉപയോഗിച്ച പ്ലേറ്റുകള്‍, സ്പൂണുകള്‍, ഗ്ലാസുകള്‍ തുടങ്ങിയവ ചൂടുവെള്ളത്തിലോ അണുനാശിനി ഉപയോഗിച്ച ശേഷം ശുദ്ധജലത്തിലോ കഴുകി വൃത്തിയാക്കണം.രോഗിയുടെ വസ്ത്രങ്ങളും ഭക്ഷണപദാര്‍ത്ഥങ്ങളും കൈകാര്യം ചെയ്യുന്ന ആള്‍ നിര്‍ബന്ധമായും ട്രിപ്പിള്‍ ലെയര്‍ മാസ്‌ക്കും ഗ്ലൗസും ധരിക്കണം. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മാസ്‌ക് മാറ്റരുത്. അല്ലെങ്കില്‍ തൂവാല ഉപയോഗിച്ച് ശരിയായി പൊത്തിപ്പിടിക്കണം.രോഗിയും കുടുംബാംഗങ്ങളും വീട്ടിനുള്ളിലും ശുചിമുറിയില്‍ പോകുന്ന സമയത്ത് പ്രത്യേകിച്ചും ട്രിപ്പിള്‍ ലെയര്‍ മാസ്‌ക് ധരിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. കൈകള്‍ ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകുക. കണ്ണ്, മൂക്ക്, വായ എന്നിവിടങ്ങളില്‍ കൈകള്‍ കൊണ്ട് തൊടാതിരിക്കുക.ഗുരുതര രോഗലക്ഷണങ്ങളുള്ള സി കാറ്റഗറി വിഭാഗത്തിന് ആശുപത്രി ചികിത്സ ഉറപ്പാക്കുന്നതിന് ഗൃഹ ചികിത്സാ മാനദണ്ഡങ്ങള്‍ പുതുക്കുന്നതിലൂടെ കഴിയുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആര്‍ ശ്രീലത അറിയിച്ചു.
Discussion about this post