തിരുവനന്തപുരം: യൂട്യൂബ് ചാനലിലൂടെ സ്ത്രീകളെ അപമാനിച്ച വിജയ് പി നായരെ കയ്യേറ്റം ചെയ്‌തെന്ന പരാതിയില്‍ ഡബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. വിജയ് പി നായരുടെ പരാതിയിലാണ് പോലീസ് ഭാഗ്യലക്ഷ്മിക്കും സംഘത്തിനുമെതിരെ കേസെടുത്തിരിക്കുന്നത്.
അതിക്രമിച്ചു കടക്കല്‍, ഭീഷണി, കയ്യേറ്റം ചെയ്യല്‍, മോഷണം എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് പോലീസ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരം എടുത്ത കേസിന്റെ എഫ്‌ഐആറില്‍ ഭാഗ്യലക്ഷമിയുടെ പേര് മാത്രമാണ് നിലവിലുള്ളത്. ഭാഗ്യലക്ഷ്മിയും കണ്ടാലറിയുന്ന രണ്ട് പേരും ചേര്‍ന്നാണ് ആക്രമണം നടത്തിയത് എന്നാണ് എഫ്‌ഐആറിലുള്ളത്. ആക്ടിവിസ്റ്റുകളായ ദിയാ സന, ശ്രീലക്ഷമി അറയ്ക്കല്‍ എന്നിവരാണ് ഭാഗ്യലക്ഷമിക്കൊപ്പം ഉണ്ടായിരുന്നത്. വിജയ് പി നായരുടെ മൊബൈല്‍ ഫോണും ലാപ്പ്‌ടോപ്പും ഭാഗ്യലക്ഷ്മിയും കൂട്ടരും കൊണ്ടു പോയിരുന്നു.
ഭാഗ്യലക്ഷ്മിയുടെ പരാതിയില്‍ വിജയ് പി നായര്‍ക്കെതിരേയും ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്.
അതേസമയം വിജയ് പി നായരുടെ യൂട്യൂബ് വീഡിയോകളുടെ ലിങ്കുകള്‍ സഹിതം നേരത്തെ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്കും ഡിജിപിക്കും ബിന്ദു അമ്മിണി, ലക്ഷ്മി അറയ്ക്കല്‍ എന്നിവര്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ സൈബര്‍ പോലീസോ ലോക്കല്‍ പോലീസോ കേസ് എടുത്തില്ലെന്ന് ആരോപണമുണ്ട്.
Discussion about this post